News

ലോക്ഭവനിലെ നെൽക്കൃഷി കാണാൻ നേരിട്ടെത്തി ഗവർണർ; കൃഷിയിടത്തിലെ വിളകൾ പരിശോധിച്ചു

തിരുവനന്തപുരം: ലോക്ഭവൻ വളപ്പിൽ കൃഷിയിറക്കിയ നെല്ലിന്റെ വിളവെടുപ്പിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നേരിട്ടെത്തി നേതൃത്വം നൽകി. പത്ത് സെന്റ് സ്ഥലത്ത് മൂന്ന് മാസം മുമ്പ് വിതച്ച നെല്ലിന്റെ കൊയ്ത്തിനാണ് ഗവർണർ എത്തിയത്. മികച്ച രീതിയിൽ വളർന്ന നെൽച്ചെടികളും ലഭിച്ച വിളവും അദ്ദേഹം നേരിട്ട് വിലയിരുത്തി.

ലോക്ഭവൻ വളപ്പിനെ കാർഷികോദ്യാനമാക്കാനുള്ള ഗവർണറുടെ തീരുമാനം യാഥാർഥ്യമായതിന്റെ അഭിമാനത്തിലാണ് ഇപ്പോൾ അദ്ദേഹം. പടവലം, ചീര, മുരിങ്ങ, നെയ്യ്ക്കുമ്പളം, മത്തൻ, വെള്ളരി, നിത്യവഴുതന, കാബേജ്, കത്രിക്ക, നീളൻപയർ, കപ്പ, പച്ചമുളക്, മധുരക്കിഴങ്ങ് തുടങ്ങി വിവിധയിനം പച്ചക്കറികൾ വിളവെടുപ്പിന് പാകമായി നിൽക്കുകയാണ്.

കൃഷിയിടത്തിലെത്തിയ ഗവർണർ വിവിധ വിളകൾ നേരിട്ട് പരിശോധിക്കുകയും അവയുടെ ഇനവും കൃഷിരീതികളും ഉപയോഗത്തെക്കുറിച്ചും സംബന്ധിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചറിയുകയും ചെയ്തു. ബിഹാർ ഗവർണറായിരിക്കെ നടത്തിയ കാർഷിക പരീക്ഷണങ്ങളുടെ വിജയമാണ് കേരളത്തിലെ കാർഷികയജ്ഞത്തിന് ആർലേക്കർക്ക് പ്രചോദനമായത്. കൃഷിയിലൂടെ ലോക്ഭവൻ വളപ്പിനെ കൂടുതൽ ഹരിതാഭമാക്കുന്നതിനൊപ്പം ജീവനക്കാരുടെ അധ്വാനവും സേവനവും കാര്യക്ഷമമായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.

കൃഷിയുടെ മേൽനോട്ടത്തിനായി കൃഷിവകുപ്പിൽനിന്നുള്ള സൂപ്പർവൈസറെയും നിയോഗിച്ചിട്ടുണ്ട്. കൃത്യമായ പരിപാലനമാണ് മികച്ച വിളവ് ലഭിക്കാൻ പ്രധാന കാരണമായത്. വിത്തിടൽ മുതൽ വളപ്രയോഗം, ജലസേചനം, കളനിയന്ത്രണം, വിളപരിപാലനം എന്നിവ വരെ കൃത്യമായി നടപ്പാക്കിയതിന്റെ ഫലമാണ് ഇപ്പോൾ ലോക്ഭവൻ വളപ്പിൽ കാണുന്ന സമൃദ്ധമായ വിളവ്. കൃഷിയോടുള്ള ഗവർണറുടെ നേരിട്ടുള്ള താൽപര്യവും ജീവനക്കാരുടെ കൂട്ടായ പരിശ്രമവും ഒത്തുചേർന്നതോടെ ലോക്ഭവൻ വളപ്പ് ഒരു മാതൃകാ കാർഷികോദ്യാനമായി മാറുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button