News

ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗം വിവാദത്തിൽ; സംസ്ഥാന നേതൃത്വത്തിന് അതൃപ്തി

കണ്ണൂർ: മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ പയ്യന്നൂരിൽ നടത്തിയ വിവാദ പ്രസംഗത്തിൽ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി. പ്രസംഗം തികച്ചും അനാവശ്യമായിപ്പോയെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. പാർട്ടി നടത്തിവരുന്ന തിരുത്തൽ പ്രക്രിയയുടെ അന്തഃസത്ത ചോർത്തുന്നതും പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതുമാണ് ഈ പ്രസംഗമെന്ന വിമർശനവും നേതാക്കൾക്കിടയിൽ ഉയർന്നിട്ടുണ്ട്.

നേരത്തെ കെ.കെ. രാഗേഷ് ഉൾപ്പെടെയുള്ള കണ്ണൂർ ജില്ലാ നേതൃത്വം മധുസൂദനനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗവുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. എന്നാൽ, ജില്ലാ നേതൃത്വത്തിന്റെ ഈ നിലപാടിന് വിരുദ്ധമായി പ്രസംഗം അനാവശ്യമായെന്ന വികാരമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിർന്ന നേതാക്കൾക്കുള്ളത്.

അതേസമയം, കോടതിയെ അവഹേളിക്കുന്ന തരത്തിൽ മധുസൂദനൻ നടത്തിയ പരാമർശങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ കോടതിയുടെ നിർദ്ദേശം തേടാനാണ് പോലീസ് നീക്കം. ഇതിനായി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകും.

ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ പയ്യന്നൂരിൽ നടന്ന ഡിവൈഎഫ്ഐ പരിപാടിയിലായിരുന്നു ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം. വി. കുഞ്ഞികൃഷ്ണൻ എംഎൽഎയെ അധിക്ഷേപിച്ചതിനൊപ്പം കേസ് വിധി പറഞ്ഞ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയെയും അദ്ദേഹം വിമർശിച്ചിരുന്നു. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും ചീമേനി കേസിൽ കോടതി വെറുതെ വിട്ട പ്രതികളാരും ഇന്ന് ജീവനോടെയില്ലെന്ന് ഓർക്കണമെന്നുമായിരുന്നു മധുസൂദനന്റെ മുന്നറിയിപ്പ്. കലാപാഹ്വനം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ആഭ്യന്തര മന്ത്രി, സംഭവത്തിൽ കേസെടുക്കാൻ റൂറൽ എസ്പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button