“ബിജെപി മൂന്നാം സ്ഥാനത്തായതുകൊണ്ടാണ് സുരേഷ് ഗോപി വോട്ട് ചോദിക്കില്ലെന്ന് പറഞ്ഞത്”; പരിഹാസവുമായി മന്ത്രി കെ. മുരളീധരൻ!

കേരളത്തിലെ എയിംസ് സ്ഥാപനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തമ്മിലുള്ള വാക്പോര് പാലക്കാട് ശക്തമായി തുടരുന്നു. കേരളത്തിലേക്ക് എയിംസ് കൊണ്ടുവരാതിരിക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്ന് കെ. മുരളീധരൻ ഗുരുതര ആരോപണം ഉന്നയിച്ചു. എയിംസ് ആവശ്യപ്പെട്ട് വിശദമായ കത്ത് കേന്ദ്രത്തിന് അയക്കുമെന്നും, ഹൈക്കോടതി നടപടികൾ അറിഞ്ഞ ശേഷം കേന്ദ്രത്തെ വീണ്ടും സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ എയിംസ് വരണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും അത് എവിടെയായാലും സർക്കാർ സ്വാഗതം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ എയിംസിന് തറക്കല്ലിടാതെ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് തേടില്ലെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെയും മുരളീധരൻ പരിഹസിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ മണ്ഡലത്തിൽ എല്ലായിടത്തും ബിജെപി മൂന്നാം സ്ഥാനത്താണ്. അതുകൊണ്ടാണ് ഇനി വോട്ട് ചോദിച്ചു പോകില്ലെന്ന് അദ്ദേഹം പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
ഇതിനിടയിൽ, കണ്ണൂർ ജില്ലാ ആശുപത്രിയിലെ രോഗികളുടെ പ്രതിഷേധങ്ങളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ഓരോ ദിവസവും പ്രതിഷേധിക്കാൻ ഓരോ കാരണങ്ങളാണ് ഉന്നയിക്കുന്നത്. ആദ്യം മരുന്നില്ലെന്നായിരുന്നു പരാതിയെങ്കിൽ, മരുന്ന് എത്തിയപ്പോൾ ചികിത്സാപ്പിഴവാണെന്ന് പറയുന്നു. അന്വേഷണം നടത്തിയപ്പോൾ ആശുപത്രിയിൽ ആളില്ലെന്ന രീതിയിലുള്ള പ്രചാരണങ്ങളുമാണ് നടക്കുന്നത്. ആശുപത്രിയിലെ ആൾക്ഷാമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അത് പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. പരിയാരം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെ പോലും മാറ്റിയിട്ടില്ലെന്നും, അവരെല്ലാം പിണറായി സർക്കാരിന്റെ കാലത്തെ നിയമനപ്രകാരം നന്നായി ജോലി ചെയ്യുന്നുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി. നിയമസഭയിൽ ഇതിനെല്ലാം മറുപടി നൽകുമെന്നും അതിനുള്ള ആയുധങ്ങൾ തന്റെ കയ്യിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



