News

മിഷൻ ചക്കക്കൊമ്പൻ: മൂന്നാം ദിനം ആദ്യ മയക്കുവെടിയേറ്റു; ആന നിരീക്ഷണത്തിൽ തുടരുന്നു

മൂന്നാ‌ർ: ചിന്നക്കനാലിൽ ഭീഷണിയുയർത്തുന്ന ‘ചക്കക്കൊമ്പനെ’ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനം തുടരവെ ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വച്ചു. 301 ഏക്കറിലെ അംഗനവാടിക്ക് സമീപത്തുവച്ചാണ് മയക്കുവെടി വച്ചത്. ദൗത്യസംഘം ആനയെ നിരീക്ഷിക്കുകയാണ്. മയങ്ങിയാൽ അടുത്ത ഡോസ് നൽകും. പിന്നാലെ കോളർ ധരിപ്പിക്കാനാണ് ശ്രമം.

രാവിലെ നടുത്തുരുത്തി തുരുത്ത് ഭാഗത്താണ് ആനയെ കണ്ടത്. ഇവിടെനിന്ന് പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേയ്ക്ക് ആന നീങ്ങാതിരിക്കാൻ ദൗത്യസംഘം നടപടികൾ സ്വീകരിച്ചു. ഇതിനിടെ എൺപതേക്കറിൽ നിന്ന് തുരുത്തിലേയ്ക്ക് പോകുന്ന വഴി തുറസായ പ്രദേശത്തേയ്ക്ക് ആന നീങ്ങി. ശേഷം ഡാമിലെ വെള്ളത്തിലിറങ്ങി നീന്തി. കരയിലേയ്ക്ക് കയറുമ്പോൾ മയക്കുവെടി വയ്ക്കാനായിരുന്നു തീരുമാനം.

എന്നാൽ ലാസയിൽ നിന്ന് ഇടികുഴി ഭാഗത്തേയ്ക്ക് നീങ്ങിയ ആന തുരുത്തിലെ കാട്ടിലേയ്ക്ക് കയറുകയായിരുന്നു. അവിടെനിന്ന് മറയൂർ കുടി ഭാഗത്തേയ്ക്കും തുടർന്ന് കൊക്കുപാറ ഭാഗത്തേയ്ക്കും നീങ്ങുകയായിരുന്നു.മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലത്ത് ആനയെ എത്തിക്കാനാകാത്തതിനാൽ ഇന്നലെ വൈകിട്ട് 5.30ന് ദൗത്യം താത്കാലികമായി അവസാനിപ്പിച്ചിരുന്നു.

ആന ആദ്യം ചെമ്പകത്തൊഴുകുടിയെന്ന മുനമ്പ് പോലുള്ള സ്ഥലത്തായിരുന്നു. ഇടിക്കുഴിയെന്ന സ്ഥലത്തേക്ക് കയറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മൂന്ന് മണിക്കൂറോളം അവിടെ നിന്നു. ആനയെ നീക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ഉച്ചയോടെ, രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച് ഏലക്കാട്ടിലും ഇടതൂ‌ർന്ന വനത്തിലുമാണ് തങ്ങിയത്. ദൗത്യസംഘം ആനയുടെ നൂറുമീറ്റർ‌ അടുത്തെത്തിയെങ്കിലും നിറയെ മരങ്ങളായതിനാൽ വെടിവയ്ക്കാനായില്ല.

ഇന്നലെ കഴിഞ്ഞ ദിവസത്തേക്കാൾ ശാന്തനായിരുന്നു. അനുയോജ്യമായസ്ഥലത്ത് കഴിഞ്ഞ ദിവസം ആനയെ കിട്ടിയപ്പോൾ മയക്കുവെടി വച്ചെങ്കിലും പുല്ലിൽ തട്ടിയതിനാൽ വെടിയേറ്റില്ല. പാതിമയങ്ങിയ കൊമ്പനെ രണ്ടാമത് മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം നീങ്ങിയെങ്കിലും ആക്രമിക്കാൻ ശ്രമിച്ചു. തലനാരിഴയ്ക്കാണ് സംഘം രക്ഷപെട്ടത്. തുടർന്ന് ആന ഓടി മറയുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button