KeralaNews

തില്ലങ്കേരിയിലെ കീർത്തനയുടെ ആത്മഹത്യ: ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി, ആരോപണവുമായി കുടുംബം

കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും ക്രൈംബ്രാഞ്ച് അന്വേഷണം വേണോയെന്ന് തീരുമാനിക്കുക. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കീർത്തന ജീവനൊടുക്കിയതെന്നും ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നു എന്നുമാണ് കുടുംബത്തിന്റെ ആരോപണം.

തില്ലങ്കേരിയിലെ ലീനയുടേയും ജഷികുമാറിന്‍റേയും മൂത്ത മകളായിരുന്ന കീർത്തന ജീവനൊടുക്കിയത് ഏപ്രിൽ 30ന്. മംഗളൂരുവിൽ ഫിസിയോ തെറാപ്പി വിദ്യാർത്ഥിയായിരുന്നു. മട്ടന്നൂർ സ്കൂളിലെ സഹപാഠി ആയിരുന്ന ആദിദേവും കീർത്തനയും പ്രണയത്തിലായിരുന്നു. മറ്റൊരു പെൺകുട്ടിയുമായി ആദിദേവ് അടുപ്പത്തിലായെന്നും ഇതാണ് കീർത്തനയുടെ ആത്മഹത്യക്ക് കാരണമെന്നും ബന്ധുക്കൾ പറയുന്നു, കൂട്ടുകാരിക്ക് കീർത്തന അയച്ച വാട്സ് ആപ്പ് സന്ദേശമാണ് തെളിവായി ഉയർത്തുന്നത്.

കേസ് അന്വേഷിക്കുന്ന പേരാവൂർ പൊലീസ് ആദിദേവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു. ഹൈക്കോടതിയെ സമീപിച്ച ആദിദേവ് മുൻകൂർ ജാമ്യവും നേടി. കണ്ണൂരിലെ പൊലീസുകാരന്റെ മകനാണ് ആദിദേവ്. കീർത്തന മരിച്ച് മൂന്ന് മാസമായിട്ടും ആദിദേവിനെ കൃത്യമായി ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ തയ്യാറാകാത്തത് ഈ സ്വാധീനം മൂലമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. അങ്ങനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ രമേശ് ചെന്നിത്തല നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാരുടേയും പ്രതി ആദിദേവിന്റെയും മൊഴിയെടുത്തു. റിപ്പോർട്ട് ഉടൻ ആഭ്യന്തര വകുപ്പിന് കൈമാറും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണോയെന്ന് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും തീരുമാനിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button