KeralaNews

പ്രതിപക്ഷ ഉപനേതൃ പദവി; സിപിഐഎമ്മിന്റെ ഔദ്യോഗിക തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം

പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ സിപിഐയുടെ നിര്‍ണായകയോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. പ്രതിപക്ഷ ഉപനേതൃ പദവിയില്‍ സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് ഉടന്‍ പോകില്ലെന്നാണ് വിവരം. സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. സിപിഐഎമ്മിന്റെ ഔദ്യോഗിക തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം. സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം സിപിഎം ഔദ്യോഗികമായി തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷ.

പ്രതിപക്ഷ ഉപനേതൃ പദവിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അത് എപ്പോഴും പറയേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. പദവി തന്നില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെയൊരു വിഷയം ഉദിക്കുന്നില്ലെന്നാണ് മറുപടി. നിലപാട് പറയാന്‍ കാത്തിരിക്കുകയാണോ എന്ന ചോദ്യത്തിന് ഇത് പ്രണയബന്ധമല്ലെന്നും രാഷ്ട്രീയമാണെന്നും മറുപടി പറഞ്ഞു.

അതേസമയം, സിപിഐ- സിപിഐഎം നേതൃത്വങ്ങള്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫിലെ പാര്‍ട്ടികളെല്ലാം സ്വതന്ത്രമായി നിലപാടെടുക്കുന്നവരാണ്. അവരുടെ പാര്‍ട്ടിയുടെ സ്വാതന്ത്ര്യത്തില്‍ നമ്മള്‍ ഇതുവരെ ഇടപെട്ടിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഐക്യത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നതല്ല. ഇനി ബാധിച്ചാല്‍ തന്നെ പരസ്പര കൂടിയാലോചനയിലൂടെ അത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി മുന്നോട്ട് പോകുക എന്ന സമീപനമാണ് ഇതുതുവരെ സ്വീകരിച്ചിട്ടുള്ളത് – അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പ്രതിപക്ഷ ഉപനേതൃ പദവി അവര്‍ക്ക് വേണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ ഒരു രീതി എല്‍ഡിഎഫില്‍ കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ചിട്ടില്ല. കേരളത്തില്‍ പ്രതിപക്ഷ നേതാവ് സിപിഐഎം പ്രതിനിധി ആയിരുന്നപ്പോള്‍ തന്നെ ഉപനേതാവും സിപിഐഎം തന്നെയായിരുന്നു. അത് തുടരുക എന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് സിപിഐക്ക് ഈ ആവശ്യം ഉന്നയിക്കാം. ആവശ്യം ഉന്നയിച്ച രീതിയില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അവര്‍ ആലോചിക്കേണ്ടതാണ്. ഇത്തരമൊരു ആവശ്യം ഉന്നയിച്ച സ്ഥിതിക്ക് കൂടിയാലോചനയിലൂടെ തര്‍ക്കമില്ലാതെ പരിഹരിക്കണമെന്ന നിലപാടാണ് ഞങ്ങള്‍ പൊതുവേ സ്വീകരിച്ചിട്ടുള്ളത്. സിപിഐഎം – സിപ്ഐ ഭിന്നത രൂക്ഷമായെന്നൊന്നും പറയാന്‍ പറ്റില്ല. ഭിന്നതയായി കണക്കാക്കേണ്ടതില്ല. ദേശീയ രാഷ്ട്രീയത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് കഴിഞ്ഞാല്‍ സിപിഐക്കും – സിപിഐഎമ്മിനും ഒരിക്കലും ഭിന്നിച്ച് പോകാന്‍ സാധിക്കില്ല. വര്‍ഗീയതയ്ക്കെതിരായും സാമ്പത്തിക നയങ്ങള്‍ക്കെതിരെയും പൊരുതുകയാണ് – ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button