തൃണമൂൽ വിമതവിഭാഗത്തിന് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃനിയമനം റദ്ദാക്കി ഹൈക്കോടതി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വിമത തൃണമൂൽ കോൺഗ്രസ് നേതാവ് ഋതബ്രത ബാനർജിയെ നിയമസഭ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടി കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമിച്ചുകൊണ്ടുള്ള സ്പീക്കറുടെ ഉത്തരവ് നിലനിൽക്കില്ലെന്ന് ജസ്റ്റിസ് കൃഷ്ണറാവു നിരീക്ഷിച്ചു. മമത ബാനർജി വിഭാഗത്തിന്റെ വാദങ്ങൾ കൂടി കേൾക്കാനും പ്രതിപക്ഷ നേതൃപദവിയിൽ 10 ദിവസത്തിനകം തീരുമാനമെടുക്കാനും സ്പീക്കർ രതീന്ദ്ര ബോസിന് കോടതി നിർദ്ദേശം നൽകി.
തൃണമൂൽ കോൺഗ്രസ് പിളർന്നതിന് പിന്നാലെ മമത നിർദ്ദേശിച്ച മുതിർന്ന നേതാവ് ശോഭൻദേബ് ചതോപാദ്ധ്യായയെ മറികടന്നാണ് വിമത വിഭാഗം ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അഖ്രുസമാനെ ചീഫ് വിപ്പായി നിയമിച്ചതും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.ശോഭൻദേബ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
നേരത്തെ ശോഭൻദേബിന്റെ ഹർജിയിൽ സിംഗിൾ ബെഞ്ചിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ല. തുടർന്ന് അദ്ദേഹം ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. കേസിൽ അന്തിമവിധി വരുന്നത് വരെ ഋതബ്രത ബാനർജിക്ക് താത്കാലിക പ്രതിപക്ഷ നേതാവായി തുടരാമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിഷയം രണ്ട് മാസത്തിനുള്ളിൽ തീർപ്പാക്കാൻ സിംഗിൾ ബെഞ്ചിനോട് ഡിവിഷൻ ബെഞ്ച് നിർദ്ദേശിക്കുകയായിരുന്നു.



