ബോർഡുകൾ പുനഃസംഘടിപ്പിക്കുന്നത് സ്വാഭാവികം; ഉമർ ഫൈസിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി എ.പി. അനിൽകുമാർ

മലപ്പുറം: വഖഫ് നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി എ.പി. അനിൽകുമാർ രംഗത്ത്. സർക്കാർ മാറിവരുമ്പോൾ ബോർഡുകൾ പുനഃസംഘടിപ്പിക്കുക എന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്നും, അതിനെ മറ്റ് കാര്യങ്ങളുമായി കൂട്ടിയിഴക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ സി.പി.എമ്മിന് തെറ്റുപറ്റിയിട്ടുണ്ടെന്നും മുൻപും ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയുമായി ചേർന്നുനിൽക്കുന്ന നിലപാടാണ് സി.പി.എമ്മിന്റേത്. ദേവസ്വം ബോർഡിൽ ഇതര മതസ്ഥരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാൽ അത് ആരെങ്കിലും അംഗീകരിക്കുമോ എന്നും മന്ത്രി ചോദിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയത് പൂർണ്ണമായും തെറ്റായ നിയമമാണെന്നും ന്യൂനപക്ഷവിരുദ്ധ സമീപനങ്ങളുടെ ഭാഗമായാണ് ബി.ജെ.പി ഇത് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്ലിം ലീഗ് നേതാവ് ഹംസയും സമസ്ത നേതാവ് ഉമർ ഫൈസിയും ചേർന്നുള്ള ബോർഡാണ് സർക്കാരിന്റെ പ്രശ്നമെന്ന തരത്തിലുള്ള ഉമർ ഫൈസിയുടെ പരാമർശങ്ങൾക്കും രാഷ്ട്രീയ ചർച്ചകളിൽ ചൂടേറിയ മറുപടികളാണ് വരുന്നത്. ‘വഖഫ് നിയമവും യു.ഡി.എഫ് കീഴടങ്ങലും’ എന്ന വിഷയത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ഉമർ ഫൈസി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.




