രമേശ് പിഷാരടിയെ തടയണം, അൻസിബയെ കക്ഷി ചേർക്കരുത്; കോടതിയെ സമീപിച്ച് നടി ശ്വേത മേനോൻ

കൊച്ചി ∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട അഡ്ഹോക് കമ്മിറ്റി രൂപീകരണത്തിനെതിരെ നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള നടി അൻസിബ ഹസന്റെ ആവശ്യത്തിനെതിരെ നടി ശ്വേത മേനോൻ. കേസിലെ നടപടികൾ നീട്ടിക്കൊണ്ടു പോകുന്നതിനും വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനുമാണ് അൻസിബ കക്ഷി ചേരാൻ ശ്രമിക്കുന്നതെന്ന് എറണാകുളം രണ്ടാം അഡീഷണൽ മുൻസിഫ് കോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിൽ ശ്വേത ആരോപിച്ചു.
2025-2028 കാലയളവിലേക്ക് ‘അമ്മ’യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തന്റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതിൽ നിന്നും രമേശ് പിഷാരടിയെ തടയണമെന്നും 2026 ജൂൺ 21ന് രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത മേനോൻ കോടതിയെ സമീപിച്ചത്. താൻ അഡ്ഹോക് കമ്മിറ്റിയുടെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിഞ്ഞെന്നും ഈ സാഹചര്യത്തിൽ കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പിഷാരടി കഴിഞ്ഞ ദിവസം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
അൻസിബയ്ക്ക് ഈ കേസിൽ കക്ഷി ചേരാനുള്ള യാതൊരു സാഹചര്യവുമില്ലെന്ന് ശ്വേത വാദിക്കുന്നു. അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല. ഈ സാഹചര്യത്തിൽ അൻസിബ കേസിൽ കക്ഷിയല്ലെങ്കിലും അന്തിമവിധിയെ ബാധിക്കില്ല. അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമസാധുത കേവലം ബൈലോയും നിയമവശങ്ങളും പരിശോധിച്ചു തീരുമാനിക്കേണ്ട ഒന്നാണെന്നിരിക്കെ ഒരു സാധാരണ അംഗത്തെ കക്ഷി ചേർക്കുന്നത് കേസിന്റെ സ്വഭാവം തന്നെ മാറ്റുമെന്നും ശ്വേത പറയുന്നു.
വ്യക്തിപരമായ കാരണങ്ങളാൽ നേരത്തെ അമ്മ സംഘടനയിൽ നിന്ന് രാജി സമർപ്പിച്ച അൻസിബ, സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ വ്യാജ ആരോപണങ്ങളും ക്രിമിനൽ കേസുകളും ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ശ്വേത ആരോപിക്കുന്നു. പെൻഷൻ, കൈനീട്ടം അടക്കമുള്ള ക്ഷേമപദ്ധതികൾ മുടക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും എതിർ സത്യവാങ്മൂലത്തിൽ ആരോപണമുണ്ട്.
തനിക്കെതിരെ അൻസിബ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയും താൻ ഓഫിസിൽ പ്രവേശിക്കുന്നത് തടയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ശ്വേത പറയുന്നു. സംഘടനയുടെ നിയമാവലി പ്രകാരം പരാതികൾ പരിഹരിക്കാൻ അൻസിബയ്ക്ക് മറ്റു വഴികളുണ്ടെന്നിരിക്കെ കോടതി സമയം നഷ്ടപ്പെടുത്തിയതിന് പിഴ ചുമത്തി കക്ഷി ചേരൽ ആവശ്യം തള്ളണമെന്നാണ് ശ്വേത ആവശ്യപ്പെട്ടിരിക്കുന്നത്.




