‘പ്രതിഷേധവുമായി തെരുവിലിറങ്ങും; നീതിക്ക് മുന്നിൽ ഗ്യാനേഷ് കുമാറിന് കീഴടങ്ങേണ്ടിവരും’: കെ സി വേണുഗോപാൽ

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നീതിക്ക് മുന്നിൽ അദ്ദേഹത്തിന് കീഴടങ്ങേണ്ടിവരുമെന്നും പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുമെന്നും കെസി മാദ്ധ്യമങ്ങളോട് പറഞ്ഞു.
വോട്ട് ചോർച്ചയ്ക്കും ജനാധിപത്യ കൊള്ളയ്ക്കും കൂട്ടുനിന്നയാളാണ് ഗ്യാനേഷ് കുമാർ. കേരളം പോലൊരു സംസ്ഥാനത്ത് വരാൻ തയ്യാറാകുമ്പോൾ അദ്ദേഹം പറയണം, എന്തിനാണ് ജനാധിപത്യത്തെ കൊന്നത്. നീതിക്ക് മുന്നിൽ അദ്ദേഹത്തിന് കീഴടങ്ങേണ്ടിവരും. ആർക്കാണ് വോട്ടർപട്ടികയുടെ വിവരങ്ങൾ ലഭ്യമാകുക? ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്കാണ് (ഇആർഒ). അദ്ദേഹത്തിനേ കിട്ടുകയുള്ളു അത്.വോട്ടർപ്പട്ടികയെക്കുറിച്ചുള്ള പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയാലും അവർ പറയും ഇആർഒ ആണ് അത് തീരുമാനിക്കുന്നതെന്ന്.
ഇപ്പോഴത്തെ സ്ഥിതി എന്താണ്? വോട്ടർ പട്ടികയുടെ നേരിട്ടുള്ള വിവരങ്ങൾ ലഭിക്കുന്നത് ഗ്യാനേഷ് കുമാറിനാണ്. അദ്ദേഹം ഒരു ഐടി ബ്രാഞ്ച് ഉണ്ടാക്കിയിരിക്കുകയാണ്. ഇലക്ഷൻ കമ്മീഷണർമാർ പോലും അറിയാതെയാണിത്. അദ്ദേഹത്തിന് ആരെ വേണമെങ്കിലും ഡിലീറ്റ് ചെയ്യാനും ആഡ് ചെയ്യാനുമാകും.പിന്നെ എന്തിനാണ് ഇലക്ഷൻ? നമ്മുടെ അടിസ്ഥാനപരമായ ജനാധിപത്യം പോലും കശാപ്പുചെയ്യുന്നവരാണ് രാജ്യം ഭരിക്കുന്നത്.
ഇവർക്ക് നിയമനിർമാണം നടത്താൻ ഇനി എന്ത് അധികാരമാണ്. സമാനതകളില്ലാത്ത പോരാട്ടത്തിലേക്ക് ഞങ്ങൾ കടക്കും. തെരുവിലിറങ്ങാനാണ് തീരുമാനം. കോൺഗ്രസ് മാത്രമല്ല, ഞങ്ങളുമായി യോജിക്കുന്ന പ്രതിപക്ഷ കക്ഷികളെയും ഇന്ത്യാ മുന്നണിയെയും എല്ലാം ഒന്നിപ്പിച്ച് ഞങ്ങൾ മുന്നോട്ടുപോകും. ജനങ്ങളാണ് ഞങ്ങളുടെ അന്തിമമായ യജമാനന്മാർ. അവർക്കുവേണ്ടിയാണ് ഞങ്ങൾ തീരുമാനമെടുക്കുക. ജനങ്ങൾക്കുവേണ്ടി ഞങ്ങൾ തീരുമാനമെടുക്കും. വേണ്ടിവന്നാൽ മാറ്റും’ – കെ സി വേണുഗോപാൽ പറഞ്ഞു.




