News

ഗ്യാനേഷിനെതിരെ ദില്ലിയിൽ പ്രതിഷേധം അക്രമാസക്തമായി; യൂത്ത് കോൺഗ്രസ് അധ്യക്ഷനടക്കം നേതാക്കൾ അറസ്റ്റിൽ

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയില്‍ പ്രതിഷേധം ശക്തം. കമ്മീഷന്‍ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസും എസ്എഫ്ഐയും നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞത് അക്രമാസക്തമായി. 48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യവ്യാപക സമരം തുടങ്ങുമെന്ന് സിജെപി പ്രഖ്യാപിച്ചു. രണ്ട് കമ്മീഷണര്‍മാരുടെ പ്രതികരണം എന്തുകൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം നല്‍കിയില്ലെന്ന് ഗ്യാനേഷ് കുമാറിനെ ന്യായീകരിച്ച് ബിജെപി ചോദിച്ചു.

തെരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ടാകാമെന്ന ആശങ്കകള്‍ക്കിടെയാണ് ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തെരുവിലേക്ക് എത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് പൊലീസ് തടഞ്ഞതോടെ അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്ന ബാനര്‍ ഉയർത്തി ജമ്മുകശ്മീര്‍ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടപടികള്‍ തടസപ്പെടുത്തി.

എസ്എഫ്ഐ നടത്തിയ മാര്‍ച്ച് തടഞ്ഞതും അക്രമാസക്തമായി. വിദ്യാർത്ഥി നേതാക്കള്‍ക്കൊപ്പം എംപിമാരായ വി ശിവദാസന്‍, എഎ റഹിം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയിലെത്തിയതോടെ നിയമപോരാട്ടവും ശക്തമാകും. മോദിക്കോ അമിത്ഷാക്കോ ഇനി ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

അതേസമയം, യോജിച്ചുള്ള പ്രതിഷേധത്തിന് ഇനിയും ഇന്ത്യ സഖ്യത്തില്‍ ധാരണയായില്ല. ഒന്നിച്ചിറങ്ങണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി നല്‍കിയ കത്തിനോട് പ്രതിപക്ഷ പാര്‍ട്ടികളാരും പ്രതികരിച്ചിട്ടില്ല. ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്നത് പ്രതിപക്ഷത്തിന്‍റെ കൂട്ടായ ആവശ്യമാണെന്ന് കോണ്‍ഗ്രസിന്‍റേതടക്കം ഒറ്റക്കുള്ള നീക്കത്തില്‍ അമര്‍ഷമുള്ള അഖിലേഷ് യാദവ് ഓര്‍മ്മപ്പെടുത്തി.

അതേസമയം ബിജെപി ന്യായീകരണം തുടരുകയാണ്. ഭിന്നതയുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് രണ്ട് കമ്മീഷണര്‍മാരുടെ പ്രതികരണം എന്തുകൊണ‍്ട് ഇന്ത്യന്‍ എക്സ്പ്രസ് പത്രം തേടിയില്ലെന്നതാണ് പുതിയ ചോദ്യം. കമ്മീഷന്‍ അട്ടിമറിക്ക് ശ്രമിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തെ കേരളത്തില്‍ ഇക്കഴിഞ്ഞ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം ഉന്നയിച്ചും ബിജെപി പ്രതിരോധിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button