News

വർഷങ്ങൾക്കുശേഷം അഭിഭാഷക വേഷത്തിൽ പി.എസ്. ശ്രീധരൻ പിള്ള; ഷാൻ വധക്കേസ് പ്രതികൾക്കായി കോടതിയിൽ ഹാജരായി

ആലപ്പുഴ: ഗവർണർ പദവിയൊഴിഞ്ഞതിന് ശേഷം ഗോവ മുൻ ഗവർണർ പി എസ് ശ്രീധരൻപിള്ള വീണ്ടും അഭിഭാഷക വേഷത്തിൽ മടങ്ങിയെത്തി. എസ്‌ഡി‌പി‌ഐ നേതാവായിരുന്ന കെ എസ് ഷാൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി വാദിക്കാനാണ് അദ്ദേഹം ആലപ്പുഴ സെഷൻസ് കോടതിയിൽ ഇന്നലെ ഹാജരായത്. 11 ആർ‌എസ്‌എസ്‌, ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്‌ച രാവിലെ മുതൽ വൈകിട്ടുവരെ വിസ്‌താരമുണ്ടായിരുന്നു.

ഗവർണർ പദവിയൊഴിഞ്ഞ ശേഷം കോടതിയിൽ അഭിഭാഷക ജോലിക്കെത്തുന്ന രാജ്യത്തെ ആദ്യത്തെയാൾ താനാണെന്ന് ശ്രീധരൻപിള്ള പറഞ്ഞു. പദവിയിൽ നിന്ന് മാറിയ ശേഷം പല കേസുകളിലും വക്കാലത്ത് എടുത്തിരുന്നെങ്കിലും, വിസ്‌താരത്തിനായി നേരിട്ട് കോടതിയിലെത്തുന്നത് ആലപ്പുഴയിലാണ്. ഗവർണറായിരുന്നപ്പോഴും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അഭിഭാഷകവൃത്തിയാണെന്ന് പറഞ്ഞിരുന്നുവെന്നും, ആ ഇഷ്‌ടം തന്നെയാണ് വീണ്ടും കോടതിയിലെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമുഖ അഭിഭാഷകൻ ബി രാമൻപിള്ളയും ഓൺലൈനായി വിസ്‌താരത്തിൽ പങ്കുചേർന്നു.2019 മുതൽ 2021 വരെ മിസോറാമിലും, 2021 മുതൽ 2025 വരെ ഗോവയിലും ഗവർണറായിരുന്നു പി എസ് ശ്രീധരൻപിള്ള. 2019ന് ശേഷം ഇപ്പോഴാണ് അദ്ദേഹം കോടതിയിൽ എത്തുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം 12 കേസുകളിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെയും സിബിഐയുടെയും ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിംഗ് കൗൺസൽ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ പദവികളും മുമ്പ് വഹിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button