BlogNews

ലഹരിമാഫിയയെ നേരിടാൻ ഇനി തോക്കുമായി ഡാൻസാഫ്! പിസ്റ്റൾ പരിശീലനം നിർബന്ധമാക്കി കേരള പൊലീസ്

ലഹരിവേട്ടയ്ക്കെത്തുന്ന ഡാൻസാഫ് (DANSAF) ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി കേരള പൊലീസ്. ലഹരിമാഫിയ സംഘങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് പിസ്റ്റൾ ഉപയോഗത്തിൽ പ്രത്യേക പരിശീലനം നൽകാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ നിർദേശം നൽകി. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം കൈമാറി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം.

അടിയന്തര സാഹചര്യങ്ങളിൽ പിസ്റ്റൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനമാണ് നൽകേണ്ടത്. പിസ്റ്റൾ വേഗത്തിൽ അഴിച്ചുമാറ്റൽ (സ്ട്രിപ്പിങ്), വീണ്ടും കൂട്ടിച്ചേർക്കൽ (അസംബ്ലിങ്), വെടിവെപ്പ് പരിശീലനം (ഫയറിങ്) എന്നിവ ഇതിൽ ഉൾപ്പെടും. എല്ലാ ഡാൻസാഫ് ഉദ്യോഗസ്ഥർക്കും പരിശീലനം ഉറപ്പാക്കണമെന്നാണ് നിർദേശം. ലഹരിമാഫിയക്കെതിരായ പരിശോധനകൾക്കിടെ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി.

പരിശീലന പരിപാടികൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സോൺ ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും എഡിജിപി നിർദേശം നൽകിയിട്ടുണ്ട്. പരിശീലനത്തിന്റെ പുരോഗതി നിരീക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്. ലഹരിവേട്ടയ്ക്കിടെ ഉദ്യോഗസ്ഥർ നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് ഡാൻസാഫ് സംഘത്തെ കൂടുതൽ സജ്ജമാക്കാനാണ് പൊലീസിന്റെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button