നഴ്സിംഗ് വിദ്യാർത്ഥി മരിച്ച നിലയിൽ; അദ്ധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം

കൊല്ലം: നഴ്സിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഓച്ചിറയിലാണ് സംഭവം. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദ് ആണ് മരിച്ചത്. ഇന്ന് പുലർചയോടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ ബിഎസ്സി വിദ്യാർത്ഥിയായിരുന്നു.
അതേസമയം, അദ്ധ്യാപകരുടെ മാനസിക പീഡനത്തിൽ മനംനൊന്താണ് നജാദ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാൽ അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചു. തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്നും ഇതിൽ മനംനൊന്താണ് നജാദ് ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ കോളേജിൽ പ്രതിഷേധിച്ചു. തുടർന്ന് കോളേജ് അധികൃതരും നേതാക്കളും ചർച്ച നടത്തി. ഇതിനുപിന്നാലെ ആരോപണം ഉന്നയിക്കപ്പെട്ട നാല് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു.




