പരീക്ഷ റദ്ദാക്കി വിവാദത്തിന് വിരാമം; സ്‌കോളർഷിപ്പ് നീക്കത്തിൽ സർക്കാരിന്റെ ഒത്തുതീർപ്പ് നീക്കം!

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ സംഘപരിവാർ അനുകൂല അധ്യാപക സംഘടനയുടെ ‘മയിൽപ്പീലി’ സ്‌കോളർഷിപ്പ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടികളിലേക്ക് കടന്നേക്കില്ല. ഇതുസംബന്ധിച്ച റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് മന്ത്രിക്ക് സമർപ്പിച്ചേക്കും. വിവാദമായ പരീക്ഷയും സ്‌കോളർഷിപ്പും പൂർണ്ണമായി റദ്ദാക്കിയ സാഹചര്യത്തിൽ നിലവിലുള്ള പ്രശ്നങ്ങൾ അവസാനിച്ചതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വിലയിരുത്തൽ.
രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള വിവിധ അധ്യാപക സംഘടനകൾ മുൻകാലങ്ങളിലും ഇത്തരം ക്വിസ് മത്സരങ്ങളും സ്‌കോളർഷിപ്പുകളും നടത്താറുണ്ടെന്നും അതിന് അനുമതി നൽകിയിട്ടുണ്ടെന്നുമുള്ള വിശദീകരണത്തോടെയാണ് വിഷയം അവസാനിപ്പിക്കാൻ നീക്കം നടക്കുന്നത്. എന്നാൽ, സർക്കാരിന്റെ അറിവോടെയാണ് സംഘപരിവാർ സംഘടനകൾ സ്കൂളുകളിൽ സ്വാധീനം ഉറപ്പിക്കുന്നതെന്ന തരത്തിൽ പ്രതിപക്ഷം രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്.
വിദ്യാഭ്യാസ മന്ത്രിയുടെ അറിവില്ലാതെയാണ് ബാലഗോകുലത്തിന്റെ കീഴിലുള്ള ‘യങ് സ്‌കോളർ എക്സാം’ എന്ന സ്‌കോളർഷിപ്പ് പദ്ധതിക്ക് അനുമതി നൽകിയതെന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. ആർ.എസ്.എസിന്റെ കീഴ്ഘടകമായ ബാലഗോകുലത്തിന്റെ മയിൽപ്പീലി മാസികയും ദേശീയ അധ്യാപക പരിഷത്തും ചേർന്ന് എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായിട്ടായിരുന്നു ഈ പരീക്ഷ സംഘടിപ്പിച്ചത്. വിവാദം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ മുതൽ നടത്തിയ പരീക്ഷകളും സ്‌കോളർഷിപ്പുകളും വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കുകയായിരുന്നു.




