‘കടലാസ് കമ്പനിയല്ല’; വീണയുടെ സ്ഥാപനത്തിനെതിരായ ആരോപണങ്ങളിൽ വിശദീകരണവുമായി പാർട്ണർ

കോഴിക്കോട് പന്തീരാങ്കാവിലെ ടി.വീണയുടെ ഉടമസ്ഥതയിലുള്ള ‘ലേക്കർ ഇന്ത്യ കോർപ്’ കടലാസ് കമ്പനിയാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ വസ്തുതാപരമല്ലെന്ന് കമ്പനിയുടെ പാർട്ണറായ ഡോ. അനീസ് അറയ്ക്കൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമപരമായ എല്ലാ നിർദേശങ്ങളും പാലിച്ചാണ് കമ്പനി ആരംഭിച്ചതെന്നും വാർത്താക്കുറിപ്പിലൂടെ അനീസ് വ്യക്തമാക്കി.
ജിഎസ്ടി രജിസ്ട്രേഷൻ, എംഎസ്എംഇ/ഉദ്യം രജിസ്ട്രേഷൻ എന്നിവയ്ക്കു പുറമെ ഭാവിയിലെ ഉൽപന്ന വിപുലീകരണത്തിന്റെ ഭാഗമായി ഹോൾസെയിൽ ഫാർമസി ലൈസൻസും കമ്പനി നേടിയിട്ടുണ്ടെന്ന് അനീസ് പറഞ്ഞു. ഓഫിസിനായി ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ ലൈസൻസിന് അപേക്ഷ നൽകിയിരുന്നു.
എന്നാൽ സാങ്കേതികവും രേഖകളുടെ ഫോർമാറ്റുമായി ബന്ധപ്പെട്ട ചില തിരുത്തലുകൾ നിർദേശിച്ച് പഞ്ചായത്ത് അപേക്ഷ തിരികെ നൽകി. പഞ്ചായത്ത് അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി അപേക്ഷ വീണ്ടും സമർപ്പിക്കാനും മറ്റ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
സുതാര്യമായ ബിസിനസ് രീതികളും കൃത്യമായ ഗുണനിലവാര മാനദണ്ഡങ്ങളും സർക്കാർ നിയമങ്ങളും പാലിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും നിരവധി കസ്റ്റമേഴ്സിന്റെ പിന്തുണ ഇതിനകം കമ്പനിക്കുണ്ടെന്നും അനീസ് അവകാശപ്പെട്ടു. സ്ഥാപനത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിയമപരമായ അംഗീകാരങ്ങളും ലൈസൻസുകളും നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ കമ്പനിയെക്കുറിച്ചുള്ള യാഥാർഥ്യം മനസിലാക്കണമെന്നും സ്ഥാപനത്തിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളിൽ നിന്ന് പിന്തിരിയണമെന്നും ഡോ. അനീസ് അറയ്ക്കൽ അഭ്യർഥിച്ചു. കമ്പനി കടലാസ് സ്ഥാപനമല്ലെന്ന വാദമാണ് അദ്ദേഹം വാർത്താക്കുറിപ്പിലൂടെ മുന്നോട്ടുവച്ചത്.



