News

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയാണ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. സി പി എം നേതാക്കളായ പ്രതികളുടെ ഓണാഘോഷത്തിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും നിർദേശമുണ്ട്. സി പി എം മുൻ കൗൺസിലറും ഇ ഡി മർദനക്കേസിലെ പ്രതിയുമായ ഐ പി ബിനുവിന്‍റെ നേതൃത്വത്തിലാണ് മ്യൂസിയം സ്റ്റേഷന് മുന്നിൽ ഓണാഘോഷവും റീൽസ് ചിത്രീകരണവും നടന്നത്.

മ്യൂസിയം സ്റ്റേഷന് മുന്നിൽ പൊലീസുകാർ ഒരുക്കിയ ഊഞ്ഞാലിൽ ആടിയും ഒരേ വേഷവും ധരിച്ചുമാണ് പ്രതികൾ റീൽസ് ചിത്രീകരിച്ചത്. ഓണാഘോഷത്തിനായി പൊലീസുകാർ തയാറാക്കിയ അത്തപ്പൂക്കളത്തിന് സമീപമുള്ള ഊഞ്ഞാലിലായിരുന്നു റീൽസ് ചിത്രീകരണം.

പൊലീസുകാരുടെയും ബിനുവിന്റെയും ഷർട്ടിന്റെ നിറം ഒന്നായത് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് വഴിവെച്ചു. എന്നാൽ ബിനുവിനെ ഓണാഘോഷത്തിന് ക്ഷണിച്ചിട്ടില്ലെന്നും, ഇ ഡി ആക്രമണക്കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയതായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഷർട്ടിന്റെ നിറം ഒരേപോലെയായത് യാദൃശ്ചികം മാത്രമാണെന്ന് ബിനുവും വ്യക്തമാക്കി.

റീൽസ് ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ ഔദ്യോഗികമായി പരാതി നൽകുമെന്ന് അവർ അറിയിച്ചു. വീഡിയോ വിവാദമായതിന് പിന്നാലെ സ്റ്റേഷൻ മുറ്റത്തുണ്ടായിരുന്ന ഊഞ്ഞാൽ പൊലീസ് അഴിച്ചുമാറ്റി. അതേസമയം സ്റ്റേഷനിൽ സ്വാധീനമുണ്ടെന്ന് വരുത്തിത്തീർത്ത് സാക്ഷികളെ സ്വാധീനിക്കാൻ പ്രതി ശ്രമിക്കുകയാണെന്ന വിലയിരുത്തലിൽ, ബിനുവിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button