സ്വകാര്യ സർവീസുകൾക്കും ആശങ്ക വേണ്ട; പൊതുഗതാഗത സംവിധാനത്തിൽ ഏകീകരണം ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി സ്ത്രീകളെ ആദരിക്കുന്നതിന്റെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതി ഔദാര്യമല്ലെന്നും സർക്കാർ നൽകിയ പ്രധാന വാഗ്ദാനം സമയബന്ധിതമായി നടപ്പാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനായിരക്കണക്കിന് സ്ത്രീകൾക്ക് ജോലി സംബന്ധമായി ദിവസേന സഞ്ചരിക്കേണ്ട ഭാരമാണ് ഈ പദ്ധതിയിലൂടെ കുറയുന്നതെന്നും യാത്രച്ചെലവ് അവരുടെ സാമ്പത്തിക സംരക്ഷണമായി മാറുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇത് പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മെൻസ് അസോസിയേഷൻ പദ്ധതിക്കെതിരെ നടത്തിയ പ്രതിഷേധത്തിന് മുഖ്യമന്ത്രി മറുപടിയും നൽകി. പ്രതിഷേധം തനിക്ക് രസകരമായി തോന്നിയെന്നും സ്ത്രീകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് തെറ്റായ വ്യാഖ്യാനങ്ങൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വകാര്യ ബസ് സർവീസുകൾ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാണെന്നും അവർ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ സ്വകാര്യ വാഹന ഉപയോഗവും ഗതാഗത തിരക്കും കുറയ്ക്കാനാകുമെന്നും, സ്വകാര്യ മേഖലയെ ഉൾപ്പെടുത്തി മുന്നോട്ടുപോകുന്ന പദ്ധതികൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




