News

നേപ്പാൾ ദുരന്തം: വാർത്തകൾ ഹൃദയഭേദകം; കാണാതായ ഇന്ത്യക്കാരെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും വേണമെന്ന് രാഹുൽ-പ്രിയങ്ക

ദില്ലി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ ഇന്ത്യാക്കാരെ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും കേന്ദ്ര സർക്കാർ നടത്തണമെന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. മിന്നൽ പ്രളയത്തിലുണ്ടായ മരണം വലിയ ആശങ്കയുണ്ടാക്കുന്നുവെന്നും തൻ്റെ ഹൃദയത്തിൽ നിന്നുള്ള അനുശോചനം അറിയിക്കുന്നുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി പറഞ്ഞു. നേപ്പാളിൽ നിന്ന് വരുന്ന വാർത്തകൾ ഹൃദയഭേദകമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെയാണ് കാണാതായത്. മരിച്ചവരുടെ കുടുംബങ്ങളെ തൻ്റെ ഹൃദയത്തിൽ നിന്നുള്ള അനുശോചനം അറിയിക്കുന്നു. കാണാതായ ഇന്ത്യക്കാരെ കണ്ടെത്താനും സുരക്ഷിതമായി തിരിച്ചെത്തിക്കാനും നേപ്പാൾ അധികൃതരുമായി ചേർന്ന് സാധ്യമായതെല്ലാം ചെയ്യണമെന്നും രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. നൂറിലധികം ഇന്ത്യക്കാർ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരെ കാണാതായെന്ന റിപ്പോർട്ടുകൾ ദുഃഖകരമാണ്. എല്ലാവരും സുരക്ഷിതരായി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. കാണാതായവരെ കണ്ടെത്താൻ അടിയന്തരമായി തെരച്ചിൽ നടത്തണം. നേപ്പാളിലെ ജനങ്ങൾക്ക് സാധ്യമായ എല്ലാ മാനുഷിക സഹായവും നൽകണമെന്നും പ്രിയങ്ക കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിക്കുകയും പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പറഞ്ഞ മോദി, ഈ ദുഷ്കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിലെ സഹോദരീസഹോദരന്മാർക്കൊപ്പം നിൽക്കുന്നുവെന്നും പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാൾ അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും അടിയന്തര സഹായത്തിനായി കോൺടാക്റ്റ് നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു. അതേസമയം, പ്രാഥമിക വിവരങ്ങൾ അനുസരിച്ച് 291 വിദേശികളും 93 നേപ്പാൾ സ്വദേശികളുമടക്കം 384 യാത്രക്കാരെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. ഇതിൽ ഏകദേശം 105 ഇന്ത്യാക്കാരുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button