News

മുൻ അഡിഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ (67) അന്തരിച്ചു. കോട്ടയം പാമ്പാടി സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം മുട്ടടയിലായിരുന്നു താമസം. സംസ്‌കാരം ശനിയാഴ്ച ജന്മനാടായ പാമ്പാടിയിൽ നടക്കും.

രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബെംഗളൂരുവിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിൽ ഗവേഷണം നടത്തിവരുമ്പോഴാണ് സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. റവന്യൂ, വ്യവസായം, ഐ.ടി, ജലവിഭവം എന്നീ സുപ്രധാന വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും അഡീഷണൽ ചീഫ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു.

കേരളം നേരിട്ട ദുരന്തങ്ങളായ ഓഖി ചുഴലിക്കാറ്റ്, 2018ലെ മഹാപ്രളയം എന്നിവയുടെ സമയത്ത് റവന്യൂ സെക്രട്ടറി എന്ന നിലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.2009 മുതൽ 2012 വരെ കേന്ദ്ര സർക്കാരിന് കീഴിൽ ഇന്ത്യയുടെ ‘കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്‌സ്, ഡിസൈൻസ് ആൻഡ് ട്രേഡ് മാർക്ക്‌സ്’ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചു. ക്യാൻസർ മരുന്നുകളുടെ വില കുറയ്ക്കാൻ അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കെതിരെ അദ്ദേഹം കൈക്കൊണ്ട ‘നിർബന്ധിത ലൈസൻസ്’ നടപടിയും ജനറിക് മരുന്നുകളുടെ നിർമ്മാണത്തിന് അനുമതി നൽകിയതും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button