
ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ എസ്ഐടി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഇന്ന് ആഭ്യന്തരവകുപ്പിന് കൈമാറിയേക്കും. റിപ്പോർട്ട് ഡിജിപി വിശദമായി പരിശോധിച്ചിരുന്നു. കേസന്വേഷണ അട്ടിമറിയിൽ അജിത് കുമാറിനും ഉത്തരവാദിത്തം ഉണ്ടെന്നാണ് ഡിജിപിയുടെ വിലയിരുത്തൽ. നടപടി ശിപാർശ ചെയ്തു കൊണ്ടാവും അജിത് കുമാറിനെതിരായ റിപ്പോർട്ട് ഡിജിപി ആഭ്യന്തരവകുപ്പിന് കൈമാറുക. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.
അട്ടിമറിക്ക് കൂട്ടുനിന്ന അജിത് കുമാറിന്റെ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയതും കേസ് ഡയറി തിരുത്തിയതും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ഗണ്മാന് അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമെത്തിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും തുടര്‍ന്ന് മര്‍ദനം ഉണ്ടാകുകയും ചെയ്തത്.




