News

നാൽപതുകൾ പുതിയ തിരിച്ചറിവുകൾ നൽകി; ജീവിതത്തെ ഇപ്പോൾ കൂടുതൽ ആസ്വദിക്കുന്നു, രഞ്ജിനി ഹരിദാസ്

ജീവിതത്തിലെ ഓരോ പ്രായവും ഓരോ പാഠങ്ങളാണ് നൽകുന്നത്. ഇരുപതുകളിലെ ആവേശവും മുപ്പതുകളിലെ തിരക്കുകളും പിന്നിട്ട് നാൽപതുകളിലെത്തിയപ്പോൾ ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങളുണ്ടായെന്ന് തുറന്നുപറയുകയാണ് അവതാരക രഞ്ജിനി ഹരിദാസ്.

ചെറുപ്പം മുതൽ ജോലിയിൽ സജീവമായിരുന്ന തനിക്ക് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഒട്ടേറെ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് രഞ്ജിനി പറയുന്നു. വ്യക്തിപരമായ നഷ്ടങ്ങളും വേർപാടുകളും ഉൾപ്പെടെയുള്ള അനുഭവങ്ങൾ തന്നെ കൂടുതൽ കരുത്തുള്ള വ്യക്തിയാക്കി മാറ്റിയെന്നും താരം വ്യക്തമാക്കി.

ഇരുപതുകൾ സന്തോഷകരമായിരുന്നെങ്കിൽ മുപ്പതുകൾ സാമ്പത്തികമായി നേട്ടങ്ങളുണ്ടാക്കിയ കാലമായിരുന്നു. സമ്പാദിക്കാനും ലോകം ചുറ്റിക്കാണാനും സാധിച്ചു. എന്നാൽ ഇപ്പോൾ കൂടുതൽ പക്വതയോടെയും ക്ഷമയോടെയുമാണ് കാര്യങ്ങളെ സമീപിക്കുന്നത്. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നതിന് പകരം ഇന്നലത്തെ തന്നേക്കാൾ ഇന്ന് മെച്ചപ്പെടാനാണ് ശ്രമിക്കേണ്ടതെന്നും രഞ്ജിനി അഭിപ്രായപ്പെടുന്നു.

നാൽപതുകളിലെത്തിയതോടെ സ്വന്തം മൂല്യം തിരിച്ചറിയാനും ഇഷ്ടങ്ങൾക്കായി സമയം കണ്ടെത്താനും സാധിക്കുന്നുണ്ടെന്നാണ് താരത്തിന്റെ പക്ഷം. 40 വയസാകുമ്പോൾ ജീവിതത്തിൽ നിന്ന് വിരമിക്കണമെന്നായിരുന്നു ഒരുകാലത്തെ ചിന്ത. എന്നാൽ നാൽപതുകൾ ജീവിതത്തിന്റെ അവസാനമല്ലെന്നും മുന്നിൽ ഇനിയും ഒരുപാട് വർഷങ്ങളുണ്ടെന്നും ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും രഞ്ജിനി പറയുന്നു.

സാമ്പത്തിക സ്വാതന്ത്ര്യത്തിന് ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും താരം ചൂണ്ടിക്കാട്ടുന്നു. അത് നൽകുന്ന സമാധാനം ചെറുതല്ല. സ്വന്തം മനഃസമാധാനം നിലനിർത്താൻ ചില കാര്യങ്ങളോട് നോ പറയേണ്ടി വരും. മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്നതിനെക്കാൾ സ്വന്തം താൽപര്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും രഞ്ജിനി വ്യക്തമാക്കി.

സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച അനുഭവങ്ങളിലാണ് ജീവിതത്തിലെ ഈ മാറ്റങ്ങളെക്കുറിച്ച് താരം മനസുതുറന്നത്. പ്രായം കൂടുന്നതിനൊപ്പം ജീവിതത്തെ കൂടുതൽ വ്യക്തതയോടെയും സ്വാതന്ത്ര്യത്തോടെയും നോക്കിക്കാണാൻ പഠിക്കുകയാണെന്ന സന്ദേശവും രഞ്ജിനിയുടെ വാക്കുകളിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button