നവംബർ 13ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: വെട്ടുകാട് മാദ്ര-ദെ-ദേവൂസ് ദേവാലയത്തിലെ തിരുനാൾ കൊടിയേറ്റ് പ്രമാണിച്ച് നവംബർ 13 വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾക്കും മുൻപ് നെയ്യാറ്റിൻകര താലൂക്കിലെ ഭാഗമായിരുന്നതും, ഇപ്പോൾ കാട്ടാക്കട താലൂക്കിൽ ഉൾപ്പെട്ടതുമായ പ്രദേശങ്ങൾക്കും ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി ആയിരിക്കും.
നവംബർ 12 മുതൽ 22 വരെയാണ് വെട്ടുകാട് തിരുനാൾ. വെള്ളിയാഴ്ചയാണ് തിരുനാൾ കൊടിയേറ്റം നടക്കുന്നത്. വിശ്വാസികൾക്ക് പള്ളിയിലേക്ക് എത്താൻ കെഎസ്ആർടിസി ഡിപ്പോകളിൽനിന്ന് വെട്ടുകാട് പള്ളിയിലേക്ക് പ്രത്യേക ബസ് സർവീസുണ്ടാകും. നോർത്ത് (കൊച്ചുവേളി), പേട്ട സ്റ്റേഷനുകളിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ് അനുവദിച്ചു. ഏഴിടങ്ങളിൽ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. രാത്രി 11 കഴിഞ്ഞ് സുരക്ഷാമുൻകരുതലിന്റെ ഭാഗമായി ബീച്ചിലിറങ്ങാൻ അനുവാദം ഉണ്ടായിരിക്കില്ല.




