News

രാഹുലിന് മുൻപ് ജനിച്ചത് ആൺകുഞ്ഞ്;മണിക്കൂറുകൾക്കുള്ളിൽ മരണം, രാജീവ് ഗാന്ധിയുടെ കണ്ണീരോർമകൾ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെയും അധികമാരും അറിയാത്ത വലിയൊരു ദുരന്തത്തിെന്റെ ഓർമ്മകളാണ് ശ്രദ്ധേയമാകുന്നത്. രാഹുൽ ഗാന്ധിയുടെ ജനനത്തിന് ഒരു വർഷത്തിന് മുൻപ് ഇരുവർക്കും പിറന്ന ആദ്യത്തെ കുഞ്ഞ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ച സംഭവമാണ് സോണിയ ഗാന്ധി തന്റെ പുതിയ ആത്മകഥയായ ദി’ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത്.1969 ജനുവരിയിലായിരുന്നു സംഭവം.

സോണിയ ഗർഭിണിയായ വിവരം അറിഞ്ഞതോടെ ഗാന്ധി കുടുംബത്തിൽ വലിയ സന്തോഷമായിരുന്നു. സാധാരണ രീതിയിൽ പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ മിതത്വം പുലർത്തിയിരുന്ന ഇന്ദിരാഗാന്ധി പോലും അന്ന് മരുമകളെ ചേർത്തുപിടിച്ച് സന്തോഷം പങ്കിട്ടു. ‘ഒരു വലിയ കുഞ്ഞിന് മറ്റൊരു കുഞ്ഞ് കൂടി’ എന്നായിരുന്നു ഇന്ദിരയുടെ പ്രതികരണമെന്ന് സോണിയ പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്.എന്നാൽ ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. പ്രസവത്തിന് രണ്ടുമാസം ബാക്കിനിൽക്കെ സോണിയയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. 1969 ജനുവരി 18ന് മാസം തികയാതെ ആൺകുഞ്ഞിന് ജന്മം നൽകി. മാസം തികയാതെ ജനിച്ചെങ്കിലും കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും പ്രകടമായിരുന്നില്ല.

ഇൻക്യുബേറ്ററിലേക്ക് മാറ്റുന്നതിനിടെ കുഞ്ഞിന്റെ ആദ്യ കരച്ചിൽ താൻ കേട്ടിരുന്നുവെന്ന് സോണിയ ഓർക്കുന്നു. പിന്നീട് രാജീവ് തന്നെ കുഞ്ഞിനെ കാണാൻ കൊണ്ടുപോയി. കറുത്തു ചുരുണ്ട മുടിയും നീളമുള്ള വിരലുകളുമുള്ള ചെറിയ കുഞ്ഞിനെ കണ്ട നിമിഷം ഇരുവർക്കും ആ കുഞ്ഞിനോട് വല്ലാത്ത സ്‌നേഹം തോന്നിയെന്നും സോണിയ ആത്മകഥയിൽ കുറിച്ചു.മണിക്കൂറുകൾ മാത്രമായിരുന്നു കുഞ്ഞിന്റെ ആയുസ്. കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ നേരത്തെ തന്നെ രാജീവ് ഗാന്ധിയെ അറിയിച്ചിരുന്നു. പിറ്റേ ദിവസം രാവിലെ കുഞ്ഞ് മരിച്ചെന്ന വിവരമാണ് ദമ്പതികൾക്ക് ലഭിച്ചത്.

ആ വാർത്ത കേട്ട് തങ്ങൾ തകർന്നുപോയെന്നും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചതെന്ന് ആവർത്തിച്ച് താൻ ചോദിച്ചുകൊണ്ടേയിരുന്നു.വികാരങ്ങൾ പുറത്തുകാട്ടാതെ ജീവിക്കാൻ ശീലിച്ച രാജീവ് ഗാന്ധി പോലും അന്ന് പൊട്ടിക്കരഞ്ഞു. ഈ സമയത്ത് യാത്രയിലായിരുന്ന ഇന്ദിരാഗാന്ധി പരിപാടികൾ വെട്ടിച്ചുരുക്കി ആശുപത്രിയിലെത്തി. കലങ്ങിയ കണ്ണുകളോടെ എത്തിയ ഇന്ദിര ഇരുവരെയും ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചുവെന്നും സോണിയ പുസ്തകത്തിൽ പറയുന്നു. ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങേണ്ടിവന്നപ്പോൾ ഏറെ വിഷമത്തോടെയാണ് അവർ തിരിച്ചുപോയതെന്നും സോണിയ ഓർത്തെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button