‘മോദി നെതന്യാഹുവിന്റെ വലയത്തിൽ’; രാഷ്ട്രീയ ചർച്ച ചൂടുപിടിപ്പിച്ച് സോണിയ ഗാന്ധി

ദില്ലി : ഗാസയിലെ ഇസ്രായേൽ നടപടികൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോഴും കേന്ദ്ര സർക്കാർ തുടരുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. യുഎൻ കമ്മീഷൻ റിപ്പോർട്ടുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് മോദി സർക്കാരിന്റെ വിദേശനയത്തെയും നിലപാടിനെയും അവർ ചോദ്യം ചെയ്തത്.
ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അവരുടെ തന്ത്രപ്രധാന സ്വാധീനവലയത്തിലേക്ക് വീഴുകയാണെന്ന് സോണിയാ ഗാന്ധി ആരോപിച്ചു. ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിലാണ് സോണിയാ ഗാന്ധി മോദിയെ വിമർശിക്കുന്നത്. കഴിഞ്ഞ ജൂണിൽ പ്രമുഖ ഇന്ത്യൻ ജൂറിസ്റ്റും വിരമിച്ച ജസ്റ്റിസുമായ എസ്. മുരളീധരന്റെ നേതൃത്വത്തിലുള്ള യുഎൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
ഗാസയിലെ പലസ്തീനികളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് 94 പേജുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടികളെ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ ആക്രമണങ്ങളാണ് അവിടെ നടക്കുന്നത്. ഗാസയിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തവരിൽ 27 ശതമാനവും കുട്ടികളാണ്. ഗാസയിലെ വിദ്യാലയങ്ങളും ശിശുരോഗ ആശുപത്രികൾ അടക്കമുള്ള ആരോഗ്യസംവിധാനങ്ങളും പൂർണ്ണമായി തകർക്കപ്പെട്ടു. ഹമാസ് നടത്തിയ ക്രൂരമായ ആക്രമണത്തിന് ഇസ്രായേൽ നൽകുന്ന തിരിച്ചടി തികച്ചും വിവേചനരഹിതവും സമാനതകളില്ലാത്തതുമായ ക്രൂരതയായി മാറിയിരിക്കുകയാണെന്നും അവർ പറഞ്ഞു.
അമേരിക്കയുടെ നിലപാടുകൾ കാരണം യുഎന്നിന് നേരിട്ട് ശക്തമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിലും, അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെതിരെ തിരിയുകയാണ്. പടിഞ്ഞാറൻ രാജ്യങ്ങളായ ഫ്രാൻസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയവ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു കഴിഞ്ഞു. ദക്ഷിണാഫ്രിക്ക ഇസ്രായേലിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് വലിച്ചിഴച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളും പല യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേലുമായുള്ള ബന്ധങ്ങൾ വെട്ടിച്ചുരുക്കുകയോ ആയുധവിൽപ്പന നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ ഭരണനേതൃത്വത്തിനെതിരെ അറസ്റ്റ് വാറന്റ് വരെ പുറപ്പെടുവിച്ചിട്ടുണ്ട്.
ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ കൂടുതൽ അവരുടെ തന്ത്രപ്രധാന സ്വാധീനവലയത്തിലേക്ക് വീഴുകയാണെന്ന് സോണിയാ ഗാന്ധി ആരോപിച്ചു. ലോകം മുഴുവൻ ഇസ്രായേലിൽ നിന്ന് അകലുമ്പോൾ, പ്രധാനമന്ത്രി മോദി ഇസ്രായേൽ സന്ദർശിച്ചത് ചരിത്രത്തിലെ ഏറ്റവും വിചിത്രമായ തന്ത്രപരമായ തീരുമാനമായി രേഖപ്പെടുത്തപ്പെടും. പലസ്തീൻ, ഇറാൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ തുടങ്ങിയ നമ്മുടെ പരമ്പരാഗത സുഹൃത്തുക്കളെ ഇന്ത്യ അകറ്റി നിർത്തി. ഇന്ത്യക്ക് മുൻകൈ എടുക്കാമായിരുന്ന മധ്യസ്ഥന്റെ റോളിലേക്ക് ഇപ്പോൾ പാകിസ്ഥാൻ കടന്നുവരുന്നത് നമ്മുടെ തന്ത്രപരമായ പരാജയമാണ്. മോദി-നെതന്യാഹു സൗഹൃദം ഇന്ത്യയുടെ നൈതികവും തന്ത്രപരവുമായ താല്പര്യങ്ങൾക്ക് ഒരു ഗുണവും ചെയ്തില്ലെന്നും അവർ കൂട്ടിച്ചേർത്തു.




