വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; ഭർതൃപിതാവിന് ഇടക്കാല ജാമ്യം, പ്രതികൾക്ക് ഉന്നത സ്വാധീനമെന്ന് അമ്മയുടെ ആരോപണം

കൊല്ലം: കുണ്ടറ കേരളപുരം സ്വദേശിയായ വിപഞ്ചികയും മകളും ഷാർജയിൽ മരിച്ച കേസിൽ മൂന്നാം പ്രതിയായ ഭർതൃപിതാവ് മോഹനന് ഇടക്കാല ജാമ്യം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവിട്ടു.
അതേസമയം, മകൾക്ക് നീതി ലഭിക്കണമെന്നും കുറ്റം ചെയ്‌തവർ പുറത്തിറങ്ങി നടക്കുന്നത് നീതി നിഷേധമാണെന്നും കേസിലെ പ്രതികൾക്ക് ഉന്നത സ്വാധീനം ഉണ്ടെന്ന് സംശയിക്കുന്നതായും വിപഞ്ചികയുടെ അമ്മ ശൈലജ പറഞ്ഞു.2025 ജൂലായ് എട്ടിനാണ് വിപഞ്ചികയെയും (33) ഒന്നര വയസുള്ള മകൾ വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ജീവനൊടുക്കുകയായിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്‌ആർ മാനേജരായിരുന്നു വിപഞ്ചിക.
ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ സ്‌ത്രീധനപീഡനം, ഗാർഹികപീഡനം എന്നീ ആരോപിച്ചുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പും വിപഞ്ചിക ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. ഇവർ ശാരീരികമായും മാനസികമായും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയിരുന്നതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ഭർത്താവ് നിധീഷ് ഒന്നാം പ്രതിയും ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും ഭർതൃപിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. ഇവർക്കെതിരെ സ്ത്രീധനപീഡനം, ഗാർഹികപീഡനം, ആത്മഹത്യപ്രേരണ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.




