News

വിജയ് സർക്കാരിൽ വൻ മന്ത്രിസഭ വികസനം; അംഗസംഖ്യ 32 ആയി

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി വിജയ്. 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ വിജയ് മന്ത്രിസഭയിലെ അംഗസംഖ്യ 32 ആയി ഉയർന്നു. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി വിജയ് ഉൾപ്പെടെ ഒൻപത് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നത്.

പുതുതായി സത്യപ്രതിജ്ഞ ചെയ്തവരിൽ 21 പേർ ടിവികെ എംഎൽഎമാരും രണ്ട് പേർ കോൺഗ്രസ് അംഗങ്ങളുമാണ്. കോൺഗ്രസ് എംഎൽഎമാരായ രാജേഷ് കുമാറും പി. വിശ്വനാഥനുമാണ് മന്ത്രിമാരായി അധികാരമേറ്റത്. 59 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് അംഗങ്ങൾ തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്നത്.

എഐസിസി അധ്യക്ഷൻ Mallikarjun Khargeയുടെ അംഗീകാരത്തോടെയാണ് കോൺഗ്രസ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നത്. ടിവികെ എംഎൽഎമാരായ തമിഴ് പാർഥിപൻ, ജെ മുഹമ്മദ് ഫർവാസ്, വി സമ്പത്ത് കുമാർ, വി സത്യഭാമ, മാരി വിൽസൺ എന്നിവരും പുതിയ മന്ത്രിസഭയിൽ ഇടംനേടി.

അതേസമയം, അടുത്ത ദിവസങ്ങളിൽ വിസികെയും മുസ്ലീം ലീഗും മന്ത്രിസഭയുടെ ഭാഗമായേക്കുമെന്നാണ് സൂചന. ഇരു പാർട്ടികൾക്കും ഓരോ മന്ത്രിസ്ഥാനങ്ങൾ വീതം നൽകാനാണ് ടിവികെ നേതൃത്വം ആലോചിക്കുന്നത്. വിസികെ അധ്യക്ഷൻ Thol. Thirumavalavan മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

വിസികെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും തിണ്ടിവനം എംഎൽഎയുമായ വന്നി അരസ് മന്ത്രിസഭയിൽ ഇടംനേടാൻ സാധ്യതയുണ്ടെന്നാണ് വിവരം. മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്ന് ആരെ മന്ത്രിയാക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ദേശീയ അധ്യക്ഷൻ കെ.എം ഖാദർ മൊയ്തീൻ ചെന്നൈയിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

തമിഴ്നാട് മന്ത്രിസഭയിലെ പരമാവധി അംഗസംഖ്യ 35 ആണെങ്കിലും നിലവിൽ 32 മന്ത്രിമാരാണ് ഉള്ളത്. അതേസമയം, അണ്ണാഡിഎംകെയിലെ വിമത എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോയെന്ന കാര്യത്തിൽ ടിവികെ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് കോൺഗ്രസും സിപിഎമ്മും വിസികെയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, മെയ് 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി കെ.എ സെങ്കോട്ടയ്യന്റെ വകുപ്പിൽ മാറ്റം വരുത്തി. ധനവകുപ്പിൽ നിന്നു റവന്യൂ-ദുരന്തനിവാരണ വകുപ്പിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പുതുതായി മന്ത്രിയായ മാരി വിൽസന് ധനവകുപ്പ് ചുമതല നൽകി.

കേരളത്തിന് പിന്നാലെ തമിഴ്നാട് സർക്കാരും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി പ്രത്യേക വകുപ്പ് ആരംഭിച്ചു. മന്ത്രി ആർ. കുമാറിന് എഐ, ഐടി, ഡിജിറ്റൽ വകുപ്പുകളുടെ ചുമതല നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button