News
സംസ്ഥാനത്ത് വീണ്ടും അവയവദാനം; നാലുപേർക്ക് പുതുജീവൻ നൽകി വിഷ്ണു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്യുന്നത്. വിഷ്ണുവിന്റെ വൃക്കകൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ആംബുലൻസിന്റെ യാത്രയ്ക്കായി ഗ്രീൻ കോറിഡോർ ഒരുക്കുകയാണ് പൊലീസ്.
ഇന്നലെയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് വിഷ്ണു മരിച്ചത്. ജൂലായ് ആറിന് തലവേദനയെ തുടർന്നാണ് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തലച്ചോറിൽ രക്തസ്രാവം മൂലം മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. കരളും ഒരു കിഡ്നിയും കോർണിയയും കോഴിക്കോട്ടെ വിവിധ ആശുപത്രികളിലെ രോഗികൾക്ക് നൽകും. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായിരുന്നു വിഷ്ണു.




