‘എം.എം. മണി ഉയർന്ന ആൾ, പക്ഷേ ശിഷ്യപ്പെടാനില്ല’; മന്ത്രി സണ്ണി ജോസഫ്

കേരളത്തിലെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ ഇടത് സർക്കാരാണെന്ന് കുറ്റപ്പെടുത്തി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. എൽഡിഎഫ് സർക്കാർ മുൻപ് കടം വാങ്ങിയ വൈദ്യുതി ഇപ്പോൾ മടക്കി നൽകേണ്ടി വരുന്നതിനാലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി എം.എം. മണിയുമായി തന്നെ താരതമ്യം ചെയ്തുള്ള സോഷ്യൽ മീഡിയ ചർച്ചകളെ കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം തന്നേക്കാൾ എത്രയോ ഉയർന്ന ആളാണെന്നും എന്നാൽ അദ്ദേഹത്തിന് ശിഷ്യപ്പെടാൻ താനില്ലെന്നും മന്ത്രി മറുപടി നൽകി. താൻ മന്ത്രിയായിട്ട് രണ്ട് മാസത്തിൽ താഴെയേ ആയിട്ടുള്ളൂവെന്നും ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വൻതോതിൽ കൂടിയ സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, ഇപ്പോൾ ലഭിക്കുന്ന മഴ വലിയ ആശ്വാസമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാത്രികാലങ്ങളിലെ ഉപയോഗത്തിനായി സോളാർ വൈദ്യുതി കൂടുതലായി സ്റ്റോർ ചെയ്യാനുള്ള സംവിധാനം ഒരുക്കും. കൂടാതെ, വിവാദമായ ചീമേനി ആണവനിലയ പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി ആവർത്തിച്ചു. ലോകത്തെല്ലായിടത്തും ആണവനിലയങ്ങളുണ്ടെന്നും കേരളവും അതിന്റെ ഭാഗമാണെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇത് സംബന്ധിച്ച് പൊതുസമൂഹവുമായി തുറന്ന ചർച്ച നടത്തുമെന്നും അറിയിച്ചു.




