News

സർക്കാരും പാർട്ടിയും തമ്മിൽ ഏകോപനമില്ല; നേതൃത്വത്തിനെതിരെ എ ഗ്രൂപ്പ് ഹൈക്കമാൻഡിന് പരാതി

തിരുവനന്തപുരം. മുഖ്യമന്ത്രി വി ഡി സതീശനെതിരെ പാർ‌ട്ടിക്കുള്ളിലെ പോര് കോൺ​ഗ്രസ് ഹൈക്കമാൻ‍ഡിന് മുന്നിൽ. നേരത്തെ യുഡ‍ിഎഫ് കൺവീനർ അടൂർ പ്രകാശ് കേന്ദ്രനേതൃത്വത്തിന് മുന്നിൽ പരാതി നൽകിയിരുന്നു. എന്നാൽ സംഘടിതമായി എ ​​ഗ്രൂപ്പിൻ്റെത് നി‍ർണ്ണായകനീക്കമാണ്. പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നുവെന്നും നിലവിലെ രീതിയിലുള്ള പോക്ക് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് എ ഗ്രൂപ്പ് നേതാക്കൾ ദില്ലിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർ​ഗെയെ നേരിൽ കണ്ട് പരാതി അറിയിച്ചത്..

ഗ്രൂപ്പ് എന്ന നിലയിൽ ഹൈക്കമാൻഡിന് നൽകുന്ന ആദ്യ പരാതിയാണിത്. ബെന്നി ബെഹനാൻ, കെ.സി. ജോസഫ്, ഷാഫി പറമ്പിൽ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് മുന്നിൽ അതൃപ്തി വ്യക്തമാക്കിയത്. പാർട്ടിയും സർക്കാരും തമ്മിൽ കൃത്യമായ ഏകോപനമില്ല, പല പ്രധാന തീരുമാനങ്ങളും കെ.പി.സി.സി അധ്യക്ഷൻ പോലും അറിയുന്നില്ല, പരാതി ഇങ്ങനെ നീളുന്നു. പി.എസ്.സി, ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കണമെന്നും, അതിന് സാധിക്കുന്നില്ലെങ്കിൽ ബോർഡ്-കോർപറേഷൻ നിയമനങ്ങളുടെ ചർച്ചകൾക്കായി പ്രത്യേക സമിതി രൂപീകരിക്കണമെന്നുമാണ് എ ഗ്രൂപ്പിന്റെ പ്രധാന ആവശ്യം.

പാർട്ടി സജീവമല്ലെന്നും നിശ്ചലമാണെന്നും എ ​ഗ്രൂപ്പ് പരാതിയിൽ അറിയിച്ചു. നീക്കം മുഖ്യമന്ത്രിക്ക് എതിരെയല്ലെന്ന് വ്യക്തമാക്കി അട്ടിമറിക്കുള്ള ശ്രമമല്ലെന്ന് വിശദീകരിക്കുകയാണ് നേതാക്കൾ. പരാതി തങ്ങളെ അവഗണിക്കുന്നതിന് എതിരെയാണ്. കോൺഗ്രസ് സർക്കാർ വരികെ എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതിനാൽ പല അവഗണനകളും ഇതുവരെ സഹിച്ചു. ഇനി മിണ്ടാതിരിക്കാനാകില്ലെന്നും എ ​ഗ്രൂപ്പ് വ്യക്തമാക്കുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ ബെന്നി ബെഹ​നാൻ തയ്യാറായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button