News

നവീൻ ബാബു കേസ്: സിബിഐ അന്വേഷണത്തിന് നിയമതടസം; പുതിയ എസ്‌ഐടിയെ നിയോഗിക്കാൻ ശുപാർശ

തിരുവനന്തപുരം: എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം. കേസന്വേഷണം സിബിഐക്ക് വിടാൻ തടസങ്ങളുണ്ടെന്നാണ് ഡിജിപിയും എജിയും സർക്കാരിന് നൽകിയ നിയമോപദേശത്തിൽ പറയുന്നത്. സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയതും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ എസ്ഐടി രൂപീകരിക്കുന്നതാണ് ഉചിതമെന്നും നിയമോപദേശത്തില്‍ പറയുന്നു. ജൂൺ നാലിനാണ് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.

സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ആത്മഹത്യ ചെയ്‌തത്. ഒക്ടോബര്‍ 14നായിരുന്നു യാത്രയയപ്പ്. ക്ഷണിക്കാതെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങിലെത്തിയത്. കിട്ടിയ ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്.

രാത്രി 8.55നുള്ള മലബാർ എക്‌സ്‌പ്രസിനായിരുന്നു നവീൻ ബാബു നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നത്. പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീൻ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിച്ചത്. എഡിഎമ്മിന്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവിലെ കുറ്റപത്രപ്രകാരം സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പിപി ദിവ്യ മാത്രമാണ് കേസിലെ പ്രതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button