News

200 മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബി; ഇന്ന് നിർണായക യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടെ റെഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന് നടക്കും. 200 മെഗാവാട്ട് സോളാര്‍ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ യോഗം പരിഗണിക്കും. ഒരു വര്‍ഷത്തേയ്ക്ക് 24 മണിക്കൂറും വൈദ്യുതി ലഭിക്കാനുള്ള കരാറിനാണ് അനുമതി തേടുക. പീക്ക് സമയത്ത് 400 മുതൽ 500 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത്.

എൻടിപിസി, പവർ പൾസ് ട്രേഡിംഗ് സൊല്യൂഷൻ എന്നീ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് കെഎസ്‌ഇബിയുടെ നീക്കം. ഇരുകമ്പനികളിൽ നിന്നും 100 മെഗാവാട്ട് വീതം വൈദ്യുതി വാങ്ങാനാണ് തീരുമാനം. ​ഗുരുതര വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് ഇന്നുതന്നെ അനുമതി നൽകാനാണ് സാദ്ധ്യത. യൂണിറ്റിന് 5.96 രൂപ നിരക്കിൽ രണ്ട് കമ്പനികളും 100 മെ​ഗാവാട്ട് വീതം നൽകും.

ഈ മാസം മുതൽ അടുത്ത വർഷം ജൂലായ് 14 വരെയാണ് കരാർ കാലാവധി.കഴിഞ്ഞദിവസം പലതവണയായി ഒന്നരമണിക്കൂര്‍ വരെ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയിരുന്നു. മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും വൈദ്യുതി ഉപഭോ​ഗം മുൻകാലങ്ങളെ അപേക്ഷിച്ച് ​ഗണ്യമായി വർദ്ധിക്കാൻ കാരണമായി. കഴിഞ്ഞ വര്‍ഷം ജൂലായില്‍ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500-3600 മെഗാവാട്ട് ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 4600-4800 ആയി. ഡാമുകളില്‍ 28 ശതമാനം വെള്ളം മാത്രമാണുള്ളതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button