അപ്രഖ്യാപിത കറണ്ട്കട്ട് മറ്റൊരു ജീവൻകൂടി എടുത്തു, എഴുപത്തൊന്നുകാരി മരിച്ചത് മെഴുകുതിരിയിൽ നിന്ന് തീ പടർന്ന്

കൊച്ചി: പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപർന്ന് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വൃദ്ധമരിച്ചു. എളമക്കര സ്വദേശി എഴുപത്തൊന്നുകാരി മറിയം പൈലിയാണ് മരിച്ചത്.
ഇക്കഴിഞ്ഞ പതിമൂന്നിനാണ് ഇവർക്ക് പൊള്ളലേൽക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന മറിയം പൈലി രാത്രി പവർക്കട്ടുണ്ടായപ്പോൾ മെഴുകുതിരി കൊളുത്തുന്നതിനിടെ മറിഞ്ഞ് ശരീരത്തിലേക്ക് വീഴുകയും വസ്ത്രത്തിൽ തീ പടർന്ന് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്യുകയായിരുന്നു. ബന്ധുക്കൾ ഇല്ലാത്തതിനാൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
ബഹളംകേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാൽപ്പതുശതമാനത്തോളം പൊള്ളലേറ്റ മറിയം പൈലി കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നുവൈകിട്ടാണ് സംസ്കാരം.പവർക്കട്ടുമൂലം ഇന്നലെയും ഒരു ജീവൻ നഷ്ടമായിരുന്നു. പാലക്കാട് സിവിൽ സ്റ്റേഷന് സമീപം കേനാത്ത് പറമ്പ് കലിയങ്കണ്ടത്ത് വീട്ടിൽ എം.കൃഷ്ണനാണ് (71) മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിലേക്ക് മാറ്റിയത്.
വ്യാഴാഴ്ച രാത്രി 12 മണിയോടെ വൈദ്യുതി തടസപ്പെടുകയായിരുന്നു.ഓക്സിജൻ കോൺസൻട്രേറ്റർ വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ ഒക്സിജൻ സിലിണ്ടർ പോലെ റീഫിൽ ചെയ്യേണ്ട. ഇക്കാരണത്താൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.മുൻകൂട്ടി അറിയിക്കാതെ രാത്രി ഒരുമണിക്കൂറും അതിലധികം വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ വലിയതോതിൽ ബാധിച്ചിട്ടുണ്ട്. കൂടുതൽ ഇടങ്ങളിലും പലതവണയായാണ് വൈദ്യുതി മുടക്കം. കാരണമറിയാൻ കെഎസ്ഇബി ഓഫീസുകളിൽ വിളിച്ചാൽപ്പോലും മറുപടി ലഭിക്കാറില്ലെന്ന് ആക്ഷേപവുമുണ്ട്.



