News

ഈ ചതി കേരളം മറക്കില്ല..! മെസിയെ എത്തിക്കുമെന്ന് പറഞ്ഞ് നാടകം കളിച്ചത് എന്തിന്? പല രഹസ്യങ്ങളും പുറത്ത്

ലോകകപ്പ് ജേതാവായ ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിന് പിന്നിൽ വൻ അട്ടിമറികളും കള്ളക്കളികളും നടന്നുവെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവന്നിരിക്കുന്നു.

മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ വകുപ്പിന്റെ അറിവില്ലാതെ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി (AFA) നേരിട്ട് ഇമെയിൽ വഴി നടത്തിയ രഹസ്യ ആശയവിനിമയങ്ങളുടെ രേഖകളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. മെസിയെ കേരളത്തിലെത്തിക്കാനുള്ള തന്റെ പ്രത്യേക താൽപ്പര്യമടക്കം അറിയിച്ചുള്ള ഈ മെയിലുകൾ കേരള രാഷ്ട്രീയത്തിൽ വലിയൊരു ഭൂകമ്പത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

ആദ്യ ഗഡു ലഭിച്ചെന്ന വിവരവും പിന്നീട് കരാർ റദ്ദാക്കിയെന്ന വിവരവും എ.എഫ്.എ മന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ അനുബന്ധ കരാറുകൾ റദ്ദാക്കിയതിൽ നീരസം പ്രകടിപ്പിച്ച് അബ്ദുറഹിമാൻ എ.എഫ്.എയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

കായിക വകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണത്തിലും മുൻ മന്ത്രിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പരാമർശങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ മന്ത്രി അബ്ദുറഹിമാൻ, അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ, ആർ.ബി.സി (RBC) എന്ന സ്പോൺസർ എന്നിവർ തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും കരാറുകളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്ന ഇമെയിലുകളിൽ വ്യക്തമാകുന്നത്.

മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറുമായി ചേർന്ന് ഉണ്ടാക്കിയ മൂന്ന് കരാറുകളിൽ, 90 ലക്ഷം യു.എസ് ഡോളർ നൽകിയ ആദ്യ കരാറും 55 ലക്ഷം യു.എസ് ഡോളറിന്റെ രണ്ടാമത്തെ കരാറും പണമിടപാടുകൾ വൈകിയതു കാരണമാണ് റദ്ദാക്കപ്പെട്ടത്. എന്നാൽ ഇതിനു പിന്നിൽ വലിയൊരു സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി യൂത്ത് ലീഗും രംഗത്തുവന്നിട്ടുണ്ട്.

മെസ്സിയെ കൊണ്ടുവരാൻ 130 കോടി രൂപ നൽകിയ ‘ടൂർ പ്രോ എന്റർ’ എന്ന കമ്പനി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഫ്.ബി.ഐയുടെ (FBI) അന്വേഷണം നേരിടുന്ന ഒന്നാണെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. നിലവിലെ കായികമന്ത്രി ഒ. ജനീഷ് ഈ അഴിമതിയിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുകയും, വിശദമായ അന്വേഷണത്തിനായി ഫയലുകൾ കൈമാറുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button