News

എങ്ങനെ ഭരിക്കണം, മാദ്ധ്യമങ്ങളോട് പ്രതികരിക്കണം? മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രണ്ടുദിവസത്തെ പരിശീലനം

കോഴിക്കോട്: സംസ്ഥാനത്തെ ഭരണം മികച്ചതാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രണ്ടുദിവസത്തെ പരിശീലനം. മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെ മന്ത്രിസഭയിലെ 21 മന്ത്രിമാർക്കായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) രണ്ട് ദിവസത്തെ പ്രത്യേക പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്.

സെപ്തംബർ നാല്, അഞ്ച് തീയതികളിലാണ് വിപുലമായ ഭരണ-മാനേജ്‌മെന്റ് പരിശീലനം നടക്കുക. 15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മന്ത്രിമാർക്കായി ഇത്തരമൊരു പരിശീലന പരിപാടി സജ്ജീകരിക്കുന്നത്. ആധുനിക കാലത്തിനനുസരിച്ച് ഭരണസംവിധാനങ്ങളെ മാറ്റിയെടുക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

ഡേറ്റാ അധിഷ്ഠിത ഭരണം, മാനേജ്‌മെന്റ് തന്ത്രങ്ങൾ എന്നിവയിലാണ് പ്രധാനമായും പരിശീലനം നടക്കുക.ഫയലുകൾ വേഗത്തിൽ തീർപ്പാക്കാനും ഔദ്യോഗിക നോട്ടുകൾ മികച്ച രീതിയിൽ തയ്യാറാക്കാനുമുള്ള പരിശീലനവും നൽകും. മാത്രമല്ല മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കേണ്ട രീതികളും തന്ത്രപരമായ ആശയവിനിമയ മാർഗങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണത്തിൽ ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള പരീശീലനവും മന്ത്രിമാർക്ക് നൽകും.

പരിശീലനം നടക്കുന്ന രണ്ടു ദിവസങ്ങളിൽ കോഴിക്കോട് കുന്നമംഗലത്തെ ഐഐഎം കാമ്പസ് സംസ്ഥാനത്തിന്റെ താൽക്കാലിക ഭരണസിരാകേന്ദ്രമായി മാറും. മന്ത്രിമാരുടെ പരിശീലനത്തിന് ശേഷം വരും ദിവസങ്ങളിൽ അവരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക പരിശീലനം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.മുൻപ് ഒന്നാം ഉമ്മൻചാണ്ടി സ‌ർക്കാരിന്റെ കാലത്താണ് മന്ത്രിമാർക്കായി സമാനമായ പരിശീലനപരിപാടി സംഘടിപ്പിച്ചത്.

കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും വിദഗ്ദരെ പങ്കെടുപ്പിച്ച് പരിശീലനങ്ങൾ നൽകിയിരുന്നെങ്കിലും പൂർണമായും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ ഒരുങ്ങുന്ന ആദ്യ പരിപാടിയാണിത്. മന്ത്രിമാരുടെ ഭരണ കാര്യക്ഷമത വർദ്ധിപ്പിക്കാനും വിദഗ്ദ്ധരാക്കി മാറ്റാനും ഈ രണ്ട് ദിവസത്തെ പരിശീലനത്തിലൂടെ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button