പഞ്ചായത്തുകളുടെ പദ്ധതി ആസൂത്രണത്തിൽ ചരിത്രപരമായ മാറ്റം; 32 വർഷത്തെ മാർഗരേഖാ രീതി അവസാനിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതി ആസൂത്രണത്തിൽ സമഗ്രമായ മാറ്റത്തിനൊരുങ്ങി കേരളം. 32 വർഷമായി തുടർന്നുവന്ന മാർഗരേഖാ അടിസ്ഥാനത്തിലുള്ള പദ്ധതി ആസൂത്രണ രീതി അവസാനിപ്പിച്ച് സ്ഥിരം ചട്ടങ്ങൾ കൊണ്ടുവരാനാണ് സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി പ്രാദേശിക പദ്ധതി ആസൂത്രണത്തിനായി തയ്യാറാക്കിയ 20 കരട് ചട്ടങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സംസ്ഥാനതല കോഓർഡിനേഷൻ സമിതി അംഗീകാരം നൽകി.
1994ലെ കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ ചട്ടങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും നിയമവകുപ്പിന്റെയും പരിശോധനയ്ക്ക് ശേഷം കരട് ചട്ടങ്ങൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കും വാർഷിക വികസന പദ്ധതികൾ സമയബന്ധിതമായി തയ്യാറാക്കി നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
നിലവിൽ ഓരോ സാമ്പത്തിക വർഷവും മാർഗരേഖയിൽ പലതവണ മാറ്റങ്ങളും ഭേദഗതികളും വരുത്തുന്നത് പദ്ധതി ആസൂത്രണം വൈകിപ്പിക്കുന്നുവെന്ന പരാതിയുണ്ട്. ഇതുമൂലം സാമ്പത്തിക വർഷത്തിന്റെ പകുതിയിലേറെ സമയവും ആസൂത്രണത്തിനായി ചെലവഴിക്കേണ്ടിവരുന്നു. പദ്ധതികളിൽ ആവർത്തിച്ച് മാറ്റം വരുത്തേണ്ടിവരുന്നതും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഉദ്യോഗസ്ഥ മേധാവിത്വം കുറച്ച് യഥാർഥ വികേന്ദ്രീകൃത ആസൂത്രണം ഉറപ്പാക്കുകയാണ് പുതിയ ചട്ടങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
കേരള പഞ്ചായത്തീരാജ് നിയമത്തിലെ 175-ാം വകുപ്പ് പ്രകാരം സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് ബജറ്റ് പാസാക്കി വികസന പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണം. ഏപ്രിൽ ഒന്നിന് തന്നെ പദ്ധതികൾ ആരംഭിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ നിലവിലെ മാർഗരേഖാ രീതിയിലെ കാലതാമസം കാരണം പദ്ധതി നിർവഹണം പലപ്പോഴും വൈകുകയാണ്.
വികസന, പൊതുവായ ആവശ്യങ്ങൾക്കുള്ള ഫണ്ടുകളും മെയിന്റനൻസ് ഗ്രാന്റുമായി പ്രതിവർഷം ഏകദേശം 13,000 കോടി രൂപയാണ് സംസ്ഥാനത്തെ 1,200ഓളം തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്നത്. മാർച്ച് 31നകം ചെലവഴിക്കാത്ത വികസന ഫണ്ട് സർക്കാർ തിരിച്ചെടുക്കുന്ന സാഹചര്യത്തിൽ കൃത്യമായ ആസൂത്രണത്തിലൂടെ ഫണ്ട് പൂർണമായും ഫലപ്രദമായും വിനിയോഗിക്കുകയാണ് പുതിയ പരിഷ്കാരത്തിന്റെ പ്രധാന ലക്ഷ്യം.




