പൊലീസ് സ്റ്റേഷനിലെ അതിക്രമം ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി

അടൂർ: പൊലീസ് സ്റ്റേഷനിലെ അതിക്രമം ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റാവാഡ ചന്ദ്രശേഖർ. സംഭവത്തിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായും വീഴ്ചകൾ ഗൗരവമായി അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനപ്രതിനിധികൾ പൊലീസ് സ്റ്റേഷനിലെത്തുന്നത് സ്വാഭാവികമാണ്.
എന്നാൽ അതിനപ്പുറം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു.യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴുണ്ടായ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം വീണ്ടും ശക്തമായത്. കെഎസ്യു നേതാവ് ഫെനി നൈനാൻ, കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ എന്നിവരുൾപ്പെടെയുള്ളവർ സ്റ്റേഷനിൽ അതിക്രമം നടത്തിയെന്ന ആരോപണമാണ് ഉയർന്നത്.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും ബന്ധപ്പെട്ടവർക്ക് പൊലീസ് ഒത്താശ ചെയ്തിട്ടുണ്ടോയെന്നും വിശദമായി അന്വേഷിക്കുന്നുണ്ട്. ഡിവൈഎസ്പി തലത്തിൽ അന്വേഷണം നടത്താൻ പത്തനംതിട്ട എസ്പി നിർദേശം നൽകിയിട്ടുണ്ട്.അതേസമയം, പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയെന്ന ആരോപണം ശ്രീനാദേവി കുഞ്ഞമ്മ നിഷേധിച്ചു.
പരാതിക്കാരിയെന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് സ്റ്റേഷനിലെത്തിയതെന്നും പൊലീസിന്റെ നിർദേശപ്രകാരമുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നുമാണ് അവരുടെ വിശദീകരണം. സെല്ലിനുള്ളിൽ കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം.




