Kerala

സ്ട്രോങ്ങ് റൂം വിവാദം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുത്; കളക്ടർമാരോട് വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന് നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വോട്ടെണ്ണൽ കഴിയും വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വരെ തുറക്കരുതെന്നാണ് നിർദേശം. സീൽ ചെയ്യാത്ത മുറികളും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിർദേശം. നെന്മാറ മണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനിച്ചതിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടിയിട്ടുണ്ട്.

കോഴിക്കോട് പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂം വിവാദം അണയുന്നതിന് പിന്നാലെയാണ് പാലക്കാട് നെന്മാറയിലും സ്ട്രോങ്ങ് റൂം വിവാദം ഉയർന്ന് വന്നത്. വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വിവാദമായതോടെ മാറ്റി. തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ് റൂം ആണെന്നും ഇവിഎം സ്ട്രോങ് റൂം അല്ലെന്നും ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി വിശദീകരിച്ചു. ഇവിഎമ്മുകളുള്ള സ്ട്രോങ് റൂമുകളോട് ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ മെറ്റീരിയൽ സ്ട്രോങ് റൂമും ഉള്ളതെന്നും അത് തുറക്കുന്നതിൽ അസ്വഭാവികതയില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയത്.

ഫോം 17 A എടുക്കാനാണ് മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനിച്ചത്. വെബ്സൈറ്റിൽ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു തീരുമാനം. നിലവിൽ മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കുന്നത് നിർത്തിവച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളു. സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ മാത്രമെ മെറ്റീരിയൽ സ്ട്രോങ് റൂം തുറക്കുകയുള്ളു. മെറ്റീരിയൽ സ്ട്രോങ് റൂം സീൽ ചെയ്തതല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

അതേസമയം, കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം വിടാതെ മുന്നോട്ട് പോവുകയാണ് യുഡിഎഫ്. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമുകൾ തുറന്നെന്ന പരാതിയിൽ ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും. ചീഫ് ഇലക്ട്രൽ ഓഫീസറാണ് റിപ്പോർട്ട് തേടിയത്. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് പരാതി. എന്നാൽ തുറന്നത് സ്ട്രോങ്ങ് റൂമല്ല റിസർവ്വ് റൂമാണെന്ന വിശദീകരണം വന്നെങ്കിലും നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തിന് ബലമേറുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button