സാമ്പത്തിക തട്ടിപ്പ് കേസ്: ആർ. പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം; കോടതിയിൽ ഉടൻ ഹർജി നൽകും

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം (BLM) സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം. ഇതിന്റെ ഭാഗമായി കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഉടൻ ഹർജി സമർപ്പിക്കുമെന്ന് റിപ്പോർട്ട്.
അറസ്റ്റ് നടപടികളിൽ ചട്ടങ്ങൾ പാലിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കഴിഞ്ഞ ദിവസം കോടതി പ്രേംകുമാറിനെ വിട്ടയച്ചത്.
എന്നാൽ കേസിലെ തട്ടിപ്പിന്റെ വ്യാപ്തിയും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ പ്രകാരം ഏകദേശം 300 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമായ സാഹചര്യത്തിലാണ് വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കം.
അതേസമയം, ഇടുക്കി സ്വദേശിയുടെ പരാതിയിൽ കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ബിഎൽഎമ്മിലെ മുൻ ജീവനക്കാരിയായ സോണിയ നൽകിയ പരാതിയിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
ചെയർമാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 1.60 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതിയിലെ ആരോപണം. എന്നാൽ, സൊസൈറ്റിയിൽനിന്ന് പണം തട്ടിയതിനെ തുടർന്ന് നേരത്തെ പുറത്താക്കിയ വ്യക്തിയാണ് പുതിയ പരാതിക്ക് പിന്നിലെന്നും സോണിയക്കെതിരെ കേസുണ്ടെന്നുമാണ് ബിഎൽഎമ്മിന്റെ വിശദീകരണം.
നിലവിൽ ചെയർമാൻ സ്ഥാനത്തില്ലാത്ത പ്രേംകുമാറിനെ ചെയർമാനായി അവതരിപ്പിക്കുന്നതിനെതിരെയും പരാതികൾ ഉയർന്നിട്ടുണ്ട്.
രണ്ട് കേസുകളിലെയും തുടർനടപടികൾ പ്രേംകുമാറിന് നിയമപരമായി കൂടുതൽ വെല്ലുവിളിയാകുമെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.




