News

കാപ്പ കേസ് പ്രതി; കൗൺസിലർ ആർ സുഗതൻ വിഷയത്തിൽ മേയർ വി വി രാജേഷിന്റെ വാദം ചോദ്യം ചെയ്ത് പൊലീസ് രേഖകൾ പുറത്ത്

തിരുവനന്തപുരം: കൗൺസിലർ ആർ സുഗതൻ കാപ്പ കേസിൽ പ്രതിയാണെന്ന വിവരം പൊലീസ് അറിയിച്ചില്ലെന്ന തിരുവനന്തപുരം മേയർ വി വി രാജേഷിന്റെ വാദം അവിശ്വസനീയമാണെന്ന് തെളിയിക്കുന്ന പൊലീസ് രേഖകൾ പുറത്ത്. 2023ലും 2025ലും കാപ്പ നിയമപ്രകാരം സുഗതനെതിരെ നടപടികൾ സ്വീകരിച്ചിരുന്നതായും രേഖകളിൽ വ്യക്തമാകുന്നു.

2023ലാണ് ആദ്യമായി സുഗതനെതിരെ കാപ്പ ചുമത്തിയത്. തുടർന്ന് ആറുമാസം സ്റ്റേഷനിൽ ഹാജരായി ഒപ്പിടൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കി. 2025ലും കാപ്പ ചുമത്തുകയും നാല് മാസം ഒപ്പിടൽ പൂർത്തിയാക്കിയ ശേഷം ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനിടെ 2019 മുതൽ 2026 വരെ മൂന്ന് വധശ്രമ കേസുകൾ ഉൾപ്പെടെ മൊത്തം ഏഴ് ക്രിമിനൽ കേസുകൾ സുഗതനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2019ൽ കല്ല് കൊണ്ട് ആക്രമണം, 2023ൽ വീടും വാഹനങ്ങളും തകർക്കൽ, കുടുംബത്തർക്കവുമായി ബന്ധപ്പെട്ട ആക്രമണം, 2025ൽ ബിസിനസ് തർക്കത്തിൽ യുവാവിനെ ആക്രമിക്കൽ, ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തൽ, 2026ൽ ശിശുമന്ദിരം സംഭവവുമായി ബന്ധപ്പെട്ട ഭീഷണി കേസ് എന്നിവ ഉൾപ്പെടെ ഗുരുതര കേസുകളാണ് നിലവിലുള്ളത്.

വെള്ളയ്ക്കാട് ക്ഷേത്രോത്സവത്തിനിടെ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പുതിയ വധശ്രമ കേസ് രജിസ്റ്റർ ചെയ്തത്. പരിപാടി അലങ്കോലപ്പെടുത്തിയെന്നാരോപിച്ച് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് യുവാവിനെ ആക്രമിച്ചതിനെ തുടർന്നാണ് കേസ്. മുൻകൂർ ജാമ്യാപേക്ഷകൾ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

കഴിഞ്ഞ ദിവസം അറസ്റ്റിനെ തുടർന്ന് കാപ്പ നടപടി ശുപാർശ വീണ്ടും നൽകിയതോടെ ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുഗതനെ കണ്ടെത്താനുള്ള പൊലീസ് നടപടികൾ ശക്തമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button