News

‘ആഭ്യന്തരമന്ത്രിക്കെതിരെയല്ല, മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെയാണ് അരുൺകുമാർ ചോദ്യം ചെയ്തത്’; പിന്തുണയുമായി പിണറായി വിജയൻ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ സി.പി.ഐ.എം. നേതാവ് അഡ്വ. കെ.എസ്. അരുൺകുമാറിനെതിരെ കേസെടുത്ത നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഷ്ട്രീയ വിമർശനങ്ങളെ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹമാണെന്നും, ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ കേരളത്തിലെ ജനാധിപത്യ സമൂഹം മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യപരമായ വിമർശനങ്ങളെയും ചോദ്യങ്ങളെയും അധികാരത്തിന്റെ മർക്കടമുഷ്ടി കൊണ്ട് നേരിടാനാണ് യു.ഡി.എഫ്. സർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രസക്തമായ ചില ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ മാത്രം കേസെടുത്തത് സർക്കാരിന്റെ അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തരമന്ത്രിക്കെതിരെയല്ല, മറിച്ച് ഈ വിഷയത്തിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെയാണ് അരുൺകുമാർ ചോദ്യം ചെയ്തതെന്ന് പിണറായി വിജയൻ വ്യക്തമാക്കി. മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് മന്ത്രിമാർ സഞ്ചരിക്കുന്ന കാറുകൾ പോലും ഭൂതക്കണ്ണാടി വെച്ച് പരിശോധിച്ച മാധ്യമങ്ങൾ, യു.ഡി.എഫ്. മന്ത്രിമാരുടെ കാര്യത്തിൽ വലിയ മൗനമാണ് പാലിക്കുന്നത്. ഈ പക്ഷപാതപരമായ സമീപനമാണ് അരുൺകുമാർ ചൂണ്ടിക്കാണിച്ചത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റവും ജനാധിപത്യ ധ്വംസനവും ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കെ.എസ്. അരുൺകുമാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, സർക്കാരിന്റെ ഇത്തരം നടപടിക്കെതിരെ പൊതുസമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button