നഗരത്തിലെ ചൂടും ശബ്ദമലിനീകരണവും മൃഗങ്ങൾക്ക് ദുരിതം; മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്തുണയുമായി വി.വി. രാജേഷ്

തിരുവനന്തപുരം മൃഗശാല നഗരമധ്യത്തില്‍ നിന്ന് മാറ്റിസ്ഥാപിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന് പൂർണ്ണ പിന്തുണയുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ് രംഗത്ത്. 160 വർഷങ്ങൾക്ക് മുൻപ് മൃഗശാല നിർമ്മിച്ചപ്പോഴുള്ള അന്തരീക്ഷമല്ല ഇപ്പോഴെന്നും, നഗരത്തിലെ ജനസാന്ദ്രതയും മലിനീകരണവും വർദ്ധിച്ച സാഹചര്യത്തിൽ മൃഗങ്ങളെ ഇവിടെ നിലനിർത്തുന്നത് അനുയോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ വാഹനങ്ങളുടെ തുടർച്ചയായ ഹോൺ ശബ്ദവും കടുത്ത ചൂടും മൃഗങ്ങളിൽ വലിയ തോതിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. കൂടാതെ, നഗരമധ്യത്തിലുള്ളതിനാൽ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങൾ ചത്തുപോകുന്ന സ്ഥിതിയുണ്ടെന്നും, മൃഗങ്ങൾ ചാടിപ്പോയ നിരവധി സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങൾക്ക് എന്തെങ്കിലും രോഗങ്ങൾ ബാധിച്ചാൽ അത് തൊട്ടടുത്ത പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്കും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ നെയ്യാർ പോലെ വനമേഖലയോട് ചേർന്നുള്ള സ്ഥലത്തേക്ക് മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തികച്ചും സ്വാഗതാർഹമാണെന്ന് മേയർ വ്യക്തമാക്കി. നിലവിൽ മൃഗശാല സ്ഥിതി ചെയ്യുന്ന 36 ഏക്കറോളം വരുന്ന പ്രദേശം പച്ചപ്പ് നിലനിർത്തിക്കൊണ്ട് നഗരവാസികൾക്ക് വന്ന് വിശ്രമിക്കാനും സമയം ചെലവഴിക്കാനുമുള്ള ഇടമാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



