
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. എലിപ്പിനിക്കും ഡെങ്കിപ്പനിക്കും പുറമെ ഷിഗെല്ല വ്യാപനവും ആശങ്കയായി തുടരുകയാണ്. ഇന്നലെ മാത്രം 159 പേർക്ക് ഡെങ്കിപ്പനിയും 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. പകർച്ച വ്യാധി പ്രതിരോധത്തിന് കർക്കശ നടപടികൾ തുടരുകയാണ് സർക്കാർ. പകർച്ച വ്യാധിയെ പ്രതിരോധിക്കാൻ അടുത്ത മൂന്ന് മാസം സംസ്ഥാന വ്യാപകമായി കൊതുക് നശീകരണവും മാലിന്യ നിർമാർജനവും അടക്കം കാര്യക്ഷമമായി നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം.
കഴിഞ്ഞ 10 വർഷത്തെ പ്രധാന പകർച്ച വ്യാധികളുടെ കണക്കുകൾ പ്രകാരം 2026 ൽ ഷിഗെല്ല രോഗബാധ ഒഴികെ മറ്റൊരു പകർച്ചവ്യാധിയും വര്‍ദ്ധിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. 2016 മുതലുള്ള 10 വർഷങ്ങളിൽ ജനുവരി മുതൽ ഡിസംബർ വരെ പ്രധാന പകർച്ചവ്യാധികളായ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, മലമ്പനി എന്നിവ 2026 ല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഡെങ്കിപ്പനി ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2017 ലാണ്. അന്ന് 88322 കേസുകൾ റിപ്പോർട്ട് ചെയ്തു 273 പേർ മരണമടഞ്ഞു. എലിപ്പനി ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2024ൽ ആണ്. അന്ന് 5980 കേസുകൾ റിപ്പോർട്ട് ചെയ്തു 394 പേര്‍ മരണമടഞ്ഞു. മഞ്ഞപ്പിത്തം ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2025 ലാണ്. അന്ന് 31650 കേസുകൾ റിപ്പോർട്ട് ചെയ്തു 83 പേര്‍ മരണമടഞ്ഞു. മലമ്പനി ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2016ൽ ആണ്. അന്ന് 1547 കേസുകൾ റിപ്പോർട്ട് ചെയ്തു. ഷിഗെല്ല ഏറ്റവും കൂടുതൽ ബാധിക്കുകയും മരണമടയുകയും ചെയ്തത് 2026ൽ ആണ്. ഇതുവരെ 241 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, 7 പേര്‍ മരിച്ചു.




