News

തുടർച്ചയായി ഭരിച്ചാൽ ജനം ജയിപ്പിക്കും; മികച്ച ഭരണമായിരുന്നു അച്യുതമേനോന്റേതെന്ന് പന്ന്യൻ രവീന്ദ്രൻ!

തുടർച്ചയായി ഭരിച്ചാൽ ജനം വീണ്ടും വോട്ടുചെയ്ത് വിജയിപ്പിക്കുമെന്നു തെളിയിച്ച സർക്കാരായിരുന്നു സി. അച്യുതമേനോന്റെ നേതൃത്വത്തിലുണ്ടായിരുന്നതെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ അച്യുതമേനോന്റേതു കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാർ അല്ലാതെ പിന്നെ എന്തു സർക്കാരാണെന്നും അദ്ദേഹം ചോദിച്ചു. സിപിഐ ആസ്ഥാനത്തു നടന്ന വെളിയം ഭാർഗവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന സർക്കാർ കോൺഗ്രസ് നേതൃത്വത്തിലുള്ളതായിരുന്നുവെന്ന സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ വിമർശനത്തിനുള്ള മറുപടിയായാണ് പന്ന്യൻ രവീന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. വികല ധാരണയുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർ ചരിത്രം മനസ്സിലാക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 1957-ലെ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വരാൻ സഹായിച്ച പ്രകടനപത്രികയ്ക്ക് രൂപംകൊടുത്തത് അച്യുതമേനോനാണെന്നും, ആ പത്രികയിൽ പറഞ്ഞ പല കാര്യങ്ങളും പിന്നീട് നടപ്പിലാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാർ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. അടിയന്തരാവസ്ഥയുടെ കാലത്ത് രാജ്യത്തുടനീളം കോൺഗ്രസിനെതിരെ വികാരം അലയടിച്ചപ്പോഴും കേരളത്തിൽ അതിനെ ചെറുത്തുനിർത്തിയ കവചമായിരുന്നു അച്യുതമേനോൻ സർക്കാരെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ വെളിയം ഭാർഗവന്റെ ലളിതജീവിതവും രാഷ്ട്രീയ നിലപാടുകളും പന്ന്യൻ അനുസ്മരിച്ചു. സിപിഐ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജി.ആർ. അനിൽ, കെ.പി. സുരേഷ് രാജ്, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സി.പി. മുരളി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button