റേഞ്ച് റോവർ വിവാദം; കെ.എം. ഷാജിക്കെതിരെ ചിന്ത ജെറോമിന്റെ കടുത്ത വിമർശനം

കൊല്ലം: മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി ഔദ്യോഗിക ആവശ്യത്തിന് റേഞ്ച് റോവർ വാഹനം ഉപയോഗിച്ചതിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. അങ്ങനെ ഒരു സ്ഥിതിയിലേക്ക് അദ്ദേഹത്തിന് മാറേണ്ടിവന്നതിൽ മുഖ്യമന്ത്രിയാണ് വിശദീകരണം നൽകേണ്ടതെന്ന് അവർ പറഞ്ഞു. സർക്കാർ വാഹനമായി ഒരു വാഹനം ഉപയോഗിക്കുമ്പോൾ അതിന് കൃത്യമായ ചില മാനദണ്ഡങ്ങളുണ്ട്. മന്ത്രിമാർക്ക് സർക്കാർ നൽകിയിരുന്ന കാറുകൾ പര്യാപ്തമല്ലെന്ന് തോന്നിയിട്ടാണോ അദ്ദേഹം ഇങ്ങനെ ചെയ്തതെന്നും, സ്വന്തം സർക്കാർ വാഹനം കെ.എം. ഷാജി അറബിക്കടലിൽ എറിഞ്ഞിരിക്കുകയാണെന്നും ചിന്ത ജെറോം ആരോപിച്ചു.
ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ലംഘനമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. എന്തെങ്കിലും ചെയ്തതിന്റെ പ്രതിഫലമാണോ ഈ വാഹന ഉപയോഗമെന്ന് പരിശോധിക്കണമെന്നും സംഭവത്തിൽ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും അവർ വ്യക്തമാക്കി. അതേസമയം, കൊല്ലം ചവറ ഗുഹാനന്ദപുരം സ്കൂളിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ഉയർത്തിയ ‘നീ പോടാ പൂക്കി മോനേ’ എന്ന വിവാദ ബാനറിനെ ചിന്ത ജെറോം ന്യായീകരിച്ചു.
ബാനറിൽ ‘പൂക്കി’ എന്ന വാക്ക് പ്രയോഗിച്ചത് ഒരു അപരാധമായി കാണുന്നില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ജെൻസി തലമുറ വളരെ പോസിറ്റീവായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ‘പൂക്കി’ എന്ന് അവർ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾ എല്ലാ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലും അപ്പപ്പോൾ പ്രതികരിക്കുന്നവരാണെന്നും തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള ഒരു സാധാരണ പ്രതികരണം മാത്രമാണ് ആ ബാനറിലൂടെ ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, വി.ടി. ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ബാനറിലെ ഈ പദപ്രയോഗത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.




