രാമക്ഷേത്ര സംഭാവനയിൽ വൻ തട്ടിപ്പ്; പിന്നിൽ ‘വൻ സ്രാവുകൾ’ എന്ന് പ്രിയങ്ക ഗാന്ധി!

അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി ഭക്തർ നൽകിയ സംഭാവനയിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. സംഭാവന മോഷണത്തിന് പിന്നിൽ ക്ഷേത്ര ജീവനക്കാർ മാത്രമല്ല, ‘വൻ സ്രാവുകളു’ണ്ടെന്നും സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഭക്തരുടെ വിശ്വാസത്തെ വഞ്ചിക്കുന്നതാണ് ഈ തട്ടിപ്പെന്നും, പണം നൽകിയ ഭക്തരോടുള്ള ഉത്തരവാദിത്വം ട്രസ്റ്റ് നിറവേറ്റണമെന്നും അവർ തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.
ഈ വിഷയത്തിൽ ബിജെപിയും ആർഎസ്എസും മറുപടി നൽകണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ആർഎസ്എസിന്റെ മേൽനോട്ടത്തിലുമാണ് രാമക്ഷേത്ര പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോഷണവിവരം റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനായ മഹിപാൽ സിങ്ങിനെ നടപടിയെടുക്കുന്നതിന് പകരം പുറത്താക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. വിശ്വാസത്തെ മറയാക്കി അഴിമതി നടത്തുകയാണെന്നും, ഈ പണം ഡൽഹിയിലേക്കും നാഗ്പൂരിലേക്കും എത്തുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും പവൻ ഖേര ആവശ്യപ്പെട്ടു.
അഴിമതി ആരോപണങ്ങളെത്തുടർന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചിരുന്നു. നിലവിൽ ഉത്തർപ്രദേശ് സർക്കാർ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും എട്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.



