News
വനിതാ സൗജന്യ യാത്രയ്ക്ക് സർക്കാർ പിന്തുണ; കെഎസ്ആർടിസിക്ക് സാമ്പത്തിക കൈത്താങ്ങ്

കെഎസ്ആർടിസിയിലെ വനിതാ സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കുന്നതിനായി സർക്കാരിന്റെ ഇടപെടലിൽ പുതിയ സാമ്പത്തിക ധാരണയായി. പ്രതിദിനം ശരാശരി രണ്ടര കോടി രൂപയുടെ വരുമാന നഷ്ടം നേരിടുന്ന കെഎസ്ആർടിസിയെ സഹായിക്കാൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി ഓവർ ഡ്രാഫ്റ്റ് അനുവദിക്കാനാണ് തീരുമാനം.
അടുത്ത ആറു മാസത്തേക്ക് സർക്കാർ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലായിരിക്കും ഈ ഒഡി അനുവദിക്കുക. ഇതോടൊപ്പം യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഫാസ്റ്റ് പാസഞ്ചറുകൾ മാത്രമുള്ള റൂട്ടുകളിൽ സ്ത്രീകൾക്കായി കൂടുതൽ ഓർഡിനറി ബസുകൾ സർവീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ ആത്മവിശ്വാസം ഉയർത്തുന്നതിനായി അവർക്കുള്ള കളക്ഷൻ ബാറ്റ ദിവസേന വിതരണം ചെയ്യാനുള്ള ആലോചനകളും നിലവിൽ പുരോഗമിക്കുകയാണ്.




