‘പ്രളയം നേരിടുന്നതിൽ സർക്കാർ പരാജയം’: വി.എൻ. വാസവൻ

സംസ്ഥാനത്ത് കനത്ത പ്രളയവും കാലവർഷക്കെടുതികളും നേരിടുന്നതിൽ യു.ഡി.എഫ് സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് വി.എൻ. വാസവൻ ആരോപിച്ചു. കാലവർഷക്കെടുതിയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചത് കോട്ടയം ജില്ലയിലാണെന്നും മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈരാറ്റുപേട്ടയിലും പടിഞ്ഞാറൻ മേഖലകളിലും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. തണ്ണീർമുക്കം ബണ്ട് സമയബന്ധിതമായി വൃത്തിയാക്കാത്തതിനാലാണ് വെള്ളക്കെട്ട് ഇറങ്ങാത്തതെന്നും, പ്രളയബാധിത മേഖലയിൽ ആംബുലൻസ് സൗകര്യം ഇല്ലാത്തതിനാലാണ് കുമരകം സ്വദേശിക്ക് ജീവൻ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിനിടയിൽ ക്യാൻസർ രോഗിയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച കെ.എസ്.ഇ.ബി നടപടി കടുത്ത മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തമുഖത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ജനപ്രതിനിധി നാട്ടിൽ ഉണ്ടാവേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




