News

സർക്കാർ ആശുപത്രിയിൽ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ഇനി സ്വർണമോതിരം; ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് ഇന്ന് തുടക്കം

തമിഴ്‌നാട് സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് ഇന്ന് മധുരയിൽ തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്ക് മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരവും ബേബി കിറ്റും സൗജന്യമായി നൽകുന്നതാണ് ഈ പദ്ധതി. കഴിഞ്ഞ ജൂൺ 22 മുതൽ ജനിച്ച കുട്ടികൾക്ക് ഈ പദ്ധതി പ്രകാരം സ്വർണ്ണ മോതിരം ലഭിക്കാൻ അർഹതയുണ്ട്.

സെപ്റ്റംബർ 15-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മുഖ്യമന്ത്രിയുടെ വിദേശയാത്രയെ തുടർന്നാണ് ഇന്നത്തേക്ക് (സെപ്റ്റംബർ 28) മാറ്റിവെച്ചത്. പ്രതിവർഷം 755.83 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. സ്വർണ്ണത്തിന്റെ ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, 916 ഹോൾമാർക്കുള്ള ശുദ്ധമായ സ്വർണ്ണമായിരിക്കും നൽകുകയെന്നും ആരോഗ്യ മന്ത്രി കെ.ജി. അരുൺരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എങ്കിലും, ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ചെങ്കൽപേട്ട്, തിരുപ്പൂർ എന്നീ ജില്ലകളിൽ നിലവിൽ പദ്ധതി നടപ്പാക്കുന്നതല്ല. ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം മധുരയിലെ നവീകരിച്ച ഗാന്ധി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന മുഖ്യമന്ത്രി, പ്രശസ്തമായ മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാകും മടങ്ങുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button