കാന്തപുരത്തിന്റെ പരാമർശം മുതൽ ഓണാഘോഷത്തിലെ വന്ദേമാതരം വരെ; സിപിഐ സിപിഎം തർക്കത്തിലും നിലപാട് വ്യക്തമാക്കി സാംസ്കാരിക മന്ത്രി

കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്‍റെ പരാമർശത്തിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. സ്ത്രീകൾ സമൂഹത്തിന്‍റെ എല്ലാ ധാരകളിലേക്കും വരുന്ന സമയമാണിതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
തുല്യതയ്ക്ക് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാർ ചെയ്യുന്ന കാലമാണെന്നും ആ നിലയിൽ തന്നെ മുന്നോട്ടു പോകട്ടെയെന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. കാന്തപുരത്തിന്‍റെ പരാമർശത്തിനുള്ളിൽ കയറി അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവുമായി ബന്ധപ്പെട്ട സി പി ഐ – സി പി എം പ്രശ്നത്തിലും വിഷ്ണുനാഥ് പ്രതികരിച്ചു. യു ഡി എഫ് വളരെ കംഫർട്ടബിൾ ആണ് ഇപ്പോൾ. സി പി ഐ മുൻപ് കോൺഗ്രസുമായി ഊഷ്മളമായ ബന്ധം ഉണ്ടായിരുന്ന പാർട്ടിയാണ്. ദേശീയ തലത്തിലും കോൺഗ്രസിന്റെ മതേതര പോരാട്ടങ്ങളിൽ ഒപ്പം സി പി ഐ നിന്നിട്ടുണ്ട്.
ഇപ്പോൾ എൽ ഡി എഫിൽ നേരിടുന്ന അവഹേളനത്തിന് അർഹതപ്പെട്ട പാർട്ടിയല്ല സി പി ഐ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. സി പി എം നേതാക്കന്മാർ സി പി ഐ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഏതു മുന്നണിയിൽ നിൽക്കണമെന്ന് സി പി ഐ തീരുമാനിക്കേണ്ട കാര്യമാണ്. അത് അവർ തുറന്നു പറയട്ടെയെന്നും യു ഡി എഫ് അതിനുശേഷം ആണ് തീരുമാനം എടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഓണം വാരാഘോഷ സമാപന വേദിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിലും സാംസ്കാരിക മന്ത്രി വ്യക്തത വരുത്തി. രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ വരുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ ഉണ്ട്. അതിനനുസരിച്ച് സർക്കാർ പ്രവർത്തിച്ചു എന്നേയുള്ളുവെന്നാണ് വിഷ്ണുനാഥ് വ്യക്തമാക്കിയത്. കൂടുതലായി എന്തെങ്കിലും ഉണ്ടെങ്കിൽ മുഖ്യമന്ത്രി വിശദീകരിക്കും. സർക്കാരിന്‍റെ നിലപാട് മുൻപ് പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് പരിപാടികളിൽ വന്ദേമാതരം സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങൾ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.




